പ്ലാസ്റ്റിക് ബാഗുകൾക്ക് വിട, പച്ചക്കറികൾ നടാൻ ഇനി ഇ കൊയർ ബാഗ്

0
122

പ്‌ളാസ്റ്റിക് ഗ്രോ ബാഗുകൾക്ക് ബദലായി കയർ ഉപയോഗിച്ച് നിർമ്മിച്ച ഇ കൊയർ ബാഗ് സെപ്‌തംബർ 20 ന് വിപണിയിലെത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്‌കരിച്ച കയർ ഉപയോഗിച്ച് ഗ്രോ ബാഗുകൾ നിർമ്മിക്കുന്നതിനുള്ള സാധ്യത തേടിയ NCRMIയും FOMIL ഉം സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ecoir ബാഗുകളെന്നും രാജീവ് പറഞ്ഞു.

പ്രത്യേക ഇനം കയർ ഉപയോഗിച്ച് നിർമ്മിച്ച വായുസഞ്ചാരമുള്ള പരിസ്ഥിതി സൗഹൃദ ഗ്രോ ബാഗുകൾ പുനരുപയോഗിക്കാവുന്നതും കൂടുതൽ കാലം ഈടു നിൽക്കുന്നതും പ്രകൃതിയോട് ഇണങ്ങിയതും ആണ്. ക്രോസ് സ്റ്റിച്ച് ചെയ്ത് ബലപ്പെടുത്തിയ കയർ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ പൂന്തോട്ടമോ പച്ചക്കറിത്തോട്ടമോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഏറെ അനുയോജ്യമാണിത്. പച്ചക്കറി, പഴങ്ങൾ, ഔഷധസസ്യങ്ങൾ, ഇൻഡോർ പ്ലാന്റുകൾ എന്നിവ വളർത്തുവാനും ഉപയോഗിക്കാം. വായു സഞ്ചാരം ഉറപ്പാക്കി വേരുകളുടെ അനായാസമായ വളർച്ചയെ സാധ്യമാക്കുന്നതിനാൽ വേരോട്ടം വർധിപ്പിച്ച് പുതിയ വേരുകൾ മുളയ്ക്കാൻ സഹായിക്കുകയും മികച്ച വിളവ് ഉറപ്പു നൽകുകയും ചെയ്യുന്നു.

വേനൽക്കാലത്തും ശൈത്യകാലത്തും കൃത്യമായ ഇൻസുലേഷൻ നൽകുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബാഗുകൾ ഉപയോഗശേഷം കമ്പോസ്റ്റിങ്ങിലൂടെ മണ്ണിൽ തന്നെ ലയിപ്പിച്ചു കളയുകയും ചെയ്യാം. മനോഹരമായി രൂപകൽപ്പന ചെയ്ത ബാഗുകൾ പ്ലാസ്റ്റിക് ഗ്രോ ബാഗുകളിലെയോ മൺചട്ടികളിലെയോ പോലെ വേരുകൾ ചുറ്റിവളഞ്ഞു വളർച്ച മുരടിപ്പിക്കുന്നില്ല.