സ്വർണവുമായി പി വി സിന്ധു

0
87

ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്മിന്റണിൽ സ്വർണം നേടി ഇന്ത്യയുടെ പി വി സിന്ധു. ഫൈനൽ മത്സരത്തിൽ കാനഡയുടെ മിഷേൽ ലീയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ സുവർണ നേട്ടം. രണ്ട് ഗെയിമുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച സിന്ധു 21-15, 21-13 എന്ന സ്കോറിനാണ് ലീയെ വീഴ്ത്തിയത്.

ലോക റാങ്കിംഗിൽ പതിനാലാം സ്ഥാനത്തുള്ള മിഷേൽ ലീയ്ക്ക് പ്രതീക്ഷിച്ച പോരാട്ടം ഫൈനലിൽ സിന്ധുവിന് കൊടുക്കാനായില്ല‌. ആദ്യ ഗെയിം 21-15 ന് നഷ്ടമായ അവർ രണ്ടാം ഗെയിമിൽ തുടർച്ചയായി പിഴവുകൾ വരുത്തുകയായിരുന്നു. എന്നാൽ ഈ സമയം തന്റെ പരിചയസമ്പത്ത് പൂർണമായും മുതലാക്കി കളിച്ച സിന്ധു ചരിത്ര സ്വർണത്തിലേക്ക് എത്തുകയായിരുന്നു‌. 2014 ലെ കോമൺവെൽത്ത് ഗെയിംസിൽ സിംഗിൾസിൽ വെങ്കലവും, കഴിഞ്ഞ ഗെയിംസിൽ ഈ ഇനത്തിൽ വെള്ളിയും സിന്ധു സ്വന്തമാക്കിയിരുന്നു.

അതേ സമയം ഗെയിംസിന്റെ അവസാന ദിനമായ ഇന്ന് മറ്റ് ചില സൂപ്പർ ഫൈനലുകളും ഇന്ത്യക്കുണ്ട്. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ സ്വർണം പ്രതീക്ഷിച്ച് ഇറങ്ങുമ്പോൾ, പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി-സാത്വിജ് സായ്രാജ് രങ്കറെഡ്ഡി എന്നിവരും ഫൈനലിനിറങ്ങും. ഇന്ത്യൻ കായിക പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഹോക്കി ഫൈനലിൽ ഇന്ത്യൻ പുരുഷ ടീം വൈകിട്ട് ഓസ്ട്രേലിയയെ നേരിടും. പുരുഷ വിഭാഗം ടേബിൾ ടെന്നീസിൽ അചന്ദ ശരത് കമലും സ്വർണ പ്രതീക്ഷയുമായി ഇന്ന് ഫൈനൽ കളിക്കുന്നുണ്ട്.