അറിയാം ക്രിപ്റ്റോ കറൻസിയെ കുറിച്ച്

0
58
Image for representation only. Photo: Shutterstock

‘ക്രിപ്‌റ്റോ’ (ഡാറ്റാ എൻ‌ക്രിപ്ഷൻ), ‘കറൻസി’ (കൈമാറ്റ മാധ്യമം) എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് ക്രിപ്‌റ്റോകറൻസി എന്ന പദം രൂപപ്പെടുന്നത്. ക്രിപ്‌റ്റോകറൻസി ഒരു തരം ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ പണമാണ്. ഇത് ഇലക്‌ട്രോണിക് രൂപത്തിൽ മാത്രമേ നിലനിൽക്കൂ. ക്രിപ്‌റ്റോകറൻസികൾ പൊതുവായി ആക്‌സസ് ചെയ്യാവുന്ന വിലാസത്തിലൂടെ ക്രിപ്‌റ്റോഗ്രാഫിക് വാലറ്റുകളിലായാണ് സൂക്ഷിക്കുന്നത്. മാത്രമല്ല ഇത് സ്വകാര്യ കീ എന്ന് വിളിക്കുന്ന വളരെ ശക്തമായ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്യും.

നിങ്ങളുടെ സ്വകാര്യ കീ ഇല്ലാതെ നിങ്ങളുടെ വാലറ്റിലെ ക്രിപ്‌റ്റോകറൻസി ആർക്കും ഒരിക്കലും എടുക്കാൻ കഴിയില്ല. ഡിജിറ്റൽ ലോകത്ത് നിലനിൽക്കുന്നതും ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എൻ‌ക്രിപ്ഷൻ ഉപയോഗിക്കുന്നതുമായ ഒരു വിനിമയ മാധ്യമമാണ് (സാധാരണ പണം പോലെ) ഒരു ക്രിപ്‌റ്റോകറൻസി. റിസർവ് ബാങ്കും (ഇന്ത്യ) ഫെഡറൽ റിസർവും (യുഎസ്) പോലെ ഇവയ്‌ക്ക് നിയന്ത്രണ സംവിധാനങ്ങളൊന്നും തന്നെ ഇല്ല. ഫലത്തിൽ ഇന്റർനെറ്റ് പോലെ അനിയന്ത്രിതമാണ് ഈ ഡിജിറ്റൽ കറൻസികൾ.

ഇങ്ങനെ ഇന്ത്യയിലാണെങ്കിൽ റിസർവ് ബാങ്കുമായി ബന്ധമില്ലാതെ പ്രത്യേക എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡിജിറ്റൽ കറൻസികളാണ് ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികൾ. മുൻനിര ക്രിപ്റ്റോകറൻസികൾ ഭാവിയിൽ പണമിടപാടുകളിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം ക്രമാതീതമായി വർധിക്കുന്നുണ്ട്. നിലവിൽ 96 രാജ്യങ്ങളിൽ ബിറ്റ്കോയിൻ ഉപയോഗിക്കുന്നുണ്ട്, ഓരോ മണിക്കൂറിലും 12,000 ഇടപാടുകൾ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.