ഹരിദാസൻ വധം: കാല്‍ അറുത്തെടുക്കാൻ ഗൂഢാലോചനയില്‍ തീരുമാനം, വാളെത്തിച്ചത്ത് നഗരസഭാ കൗണ്‍സിലര്‍ ലിജേഷ്

0
37

സിപിഐ എം പ്രവത്തകൻ തലശേരി പുന്നോല്‍ താഴെവയലില്‍ കൊറമ്പിൽ താഴെകുനിയിൽ ഹരിദാസനെ (54) വെട്ടിക്കൊല്ലാൻ ബിജെപി-ആർ എസ് എസ് അക്രമികൾക്ക് വാൾ എത്തിച്ചത് ഒന്നാം പ്രതിയും ബിജെപി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ കെ ലിജേഷ്.

പുന്നോല്‍ അമൃതാതാനന്ദമയീ സ്‌കൂള്‍ പരിസരത്ത് ഒത്തുകൂടിയ അക്രമികൾ ഹരിദാസന്റെ ഇടതുകാൽ അറുത്തെടുക്കാനും ഗൂഢാലോചനയില്‍ തീരുമാനമെടുത്തുവെന്നും പൊലിസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിമാൻഡ് റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചു.

കൃത്യമായ ആസൂത്രണത്തോടെയാണ് ഹരിദാസനെ വെട്ടിക്കൊന്നത്. ഇതിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കെ ലിജേഷ് തന്റെ സ്‌കൂട്ടറില്‍ ഏഴുവടിവാളുകള്‍ ചെള്ളത്ത് മടപ്പുരയില്‍ എത്തിച്ചു. ലിജേഷും ഒമ്പതാം പ്രതി പ്രജൂട്ടിയും കൂടിയാണ് വടിവാളുകള്‍ മടപ്പുരയിലെത്തിച്ചത്.

ഇവിടെ നിന്നാണ് ഇവ അക്രമികൾക്ക് കൈമാറിയത്. കേസിലെ ഒന്ന് മുതല്‍ എട്ടു വരെയുള്ള പ്രതികളില്‍ മൂന്നാം പ്രതി സുനേഷ് ഒഴികെയുള്ളവര്‍ ഒത്തുകൂടിയാണ് ഗൂഢാലോചന നടത്തി ഹരിദാസനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഹരിദാസന്റെ കാല്‍ അറുത്തുമാറ്റി കൊലപ്പെടുത്തണമെന്നായിരുന്നു ലിജേഷിന്റെ നേതൃത്വത്തിലെടുത്ത തീരുമാനം. ഇതാണ് ഹരിദാസനെ ഇടതുകാല്‍ അറുത്തെടുക്കാൻ കാരണം.

ഫെബ്രുവരി പതിനൊന്നിന് പുന്നോലിലെ സിപിഐ എം ഓഫീസ് പരിസരത്ത് അക്രമികൾ ഹരിദാസനെ കാത്തുനിന്നിരുന്നു. എന്നാൽ, അന്ന് പദ്ധതി നടന്നില്ല. പിന്നീട് 14 ന് രാത്രി 10.30 ന് ഹരിദാസനെ അന്വേഷിച്ചിറങ്ങി. ഹരിദാസനെ ഇല്ലാതാക്കാൻ പോകുകയാണെന്ന് കാട്ടി രണ്ടാം പ്രതി ആത്മജനെ വാട്‌സാപ്പ് വഴി ബന്ധപ്പെട്ടു.

തുടർന്ന് ലിജേഷ് ഉള്‍പ്പെടെയുള്ള അഞ്ചു പ്രതികള്‍ രണ്ട് ബൈക്കുകളിലായി പുന്നോല്‍ അമൃതാതാനന്ദമയീ സ്‌കൂള്‍ പരിസരത്ത് എത്തി. ഇവിടെനിന്നും മറ്റുള്ളവരെയും കൂട്ടി ഹരിദാസന്റെ വീട്ടുപരിസരത്ത് എത്തി. തുടർന്ന് ഏറെനേരം കാത്തുനിന്നു. പ്രതികൾ വടിവാൾ, ഇരുമ്പുദണ്ഡ് എന്നിവയും കരുതിയിരുന്നു.

ഹരിദാസന്‍ മത്സ്യബന്ധനത്തിന് പോയെന്ന വിവരത്തെത്തുടർന്ന് രാത്രി 12.30 ഓടെ അക്രമികൾ എത്തി. ഹരിദാസൻ ജോലി കഴിഞ്ഞ് തിരിച്ചെത്തിയതോടെ വീട്ടുമുറ്റത്തിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. പ്രതികളായ പ്രജീഷ്, ദിനേശ്, പ്രതീഷ് എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.