സംയോജകര്‍ കാലുവാരിയെന്നും വൻപരാജയമാണെന്നും ബിജെപി

0
10

തെരഞ്ഞെടുപ്പ്: ബിജെപിയെ സംപൂജ്യമാക്കിയത് ആർഎസ്എസ്,

 

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽ‌വിയിൽ ആർഎസ്എസിനെ അതിരൂക്ഷമായി വിമർശിച്ചും കുറ്റപ്പെടുത്തിയും ബിജെപി അവലോകന റിപ്പോർട്ട്. കേരളത്തിൽ ബിജെപിയെ സംപൂജ്യരാക്കിയത് ആർഎസ്എസ് ആണെന്നും പലയിടങ്ങളിലും നേതാക്കൾ ബിജെപി സ്ഥാനാർത്ഥികളുടെ കാലുവാരിയെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് റിപ്പോർട്ട് കൈമാറിയത്. പ്രചാരണത്തിൽ സഹായിച്ചില്ലെന്ന് മാത്രമല്ല, ബിജെപി പ്രവര്‍ത്തകരുമായി ഒത്തുപോകാന്‍ ആര്‍എസ്എസിന് കഴിഞ്ഞിട്ടുമില്ല. ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളിൽ നിയോഗിക്കപ്പെട്ട ആർഎസ്എസ് സംയോജകർ വമ്പൻ പരാജയമായിരുന്നു. ഏകോപനത്തോടെയുള്ള പ്രവർത്തനം ഉണ്ടായില്ല. പ്രാദേശികതലത്തിൽ സാധാരണ പ്രവർത്തകരുടെ വികാരം മനസ്സിലാക്കാനോ അവരുമായി ഇടപഴകാനോ സംയോജകർ തയ്യാറായതുമില്ല. പരമ്പരാഗത കേന്ദ്രങ്ങളിലടക്കം സംഘപരിവാർ വോട്ടുറപ്പിക്കാൻ കഴിഞ്ഞില്ലെന്നും ആർഎസ്എസിനെ നിശിതമായി കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റ് പോയി. മാത്രമല്ല, വോട്ടിങ് ശതമാനത്തിലും വൻ ഇടിവുണ്ടായി. 2016 ല്‍ എന്‍ഡിഎയ്ക്ക് കേരളത്തില്‍ 14.93 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 2021 ല്‍ അത് 12.47 ശതമാനമായി കുത്തനെ താഴ്ന്നു. ബിജെപിയുടെ വോട്ടിങ് ശതമാനത്തിലും
വലിയ കുറവുണ്ടായി. എൻഡിഎക്കൊപ്പം നിൽക്കുന്ന കക്ഷികളെ വിശ്വാസത്തിലെടുക്കാൻ ചിലയിടങ്ങളിൽ നേതാക്കൾ തയ്യാറായതുമില്ല. മഞ്ചേശ്വരം, നേമം എന്നിവിടങ്ങളിൽ വിജയിക്കുമെന്നായിരുന്നു ഉറച്ച പ്രതീക്ഷ. കഴക്കൂട്ടം, പാലക്കാട്, മലമ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നല്ല വോട്ട് നേടി രണ്ടാമതെത്തുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. പ്രാദേശിക പ്രവർത്തകരുമായി സംവദിക്കാൻ ആർഎസ്എസ് നിയോഗിച്ച നേതാക്കൾ തയ്യാറാകാതിരുന്നതും വലിയ തിരിച്ചടിയായിയെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനനേതാക്കളായ എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി സുധീർ എന്നിവരാണ് മണ്ഡലങ്ങളില്‍ പ്രവര്‍ത്തകരുമായി നേരിൽകണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എന്നാൽ, സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രൻ രണ്ടിടങ്ങളിൽ മത്സരിച്ചതും വി മുരളീധരൻ അടക്കമുള്ളവരുടെ വിടുവായത്തവുമാണ് കേരളത്തിലെ തോൽവിക്കി വഴിവെച്ചതെന്നാണ് വിമതപക്ഷം ചൂണ്ടിക്കാട്ടുന്നത്. മുഖം മോശമായതിന് കണ്ണാടി ഉടക്കുന്ന സ്വഭാവം കാട്ടരുതെന്ന് സംസ്ഥാന അവലോകനസമിതി യോഗത്തിൽ ബിജെപിയിലെ വിമതപക്ഷം നേതാക്കൾ വിമർശനം ഉയർത്തിയിരുന്നു. പി കെ കൃഷ്‌ണദാസ്‌ അടക്കമുള്ള നേതാക്കളാണ് സുരേന്ദ്രനെയും മുരളീധരനെയുമൊക്കെ കടുത്ത ഭാഷയിൽ വിമർശിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു രൂക്ഷ വിമർശനം. കോർകമ്മിറ്റി യോഗത്തിലും സ്ഥിതി സമാനമായിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നായിരുന്നു കോർകമ്മിറ്റി യോഗത്തിലെ പ്രധാന ആവശ്യം. ഏറ്റെടുക്കണമെന്ന് നേരത്തെ ബി.ജെ.പി കോര്‍കമ്മറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. തോല്‍വിക്ക് കാരണം സംഘപരിവാര്‍ സംഘടനകളുടെയടക്കം മൊത്തം സംഘടന സംവിധാനത്തിന്റെ തോല്‍വിയാണെന്നായിരുന്നു മുരളീധരവിഭാഗത്തിന്റെ വാദം. ഇത് മാത്രം ഉൾപ്പെടുത്തിയും ആർഎസ്എസിനെ കുറ്റപ്പെടുത്തിയുമുള്ള റിപ്പോർട്ടാണ് കേന്ദ്രനേതൃത്വത്തിന് കൈമാറിയിട്ടുള്ളത്.
ഏകപക്ഷീയ റിപ്പോർട്ട് കൈമാറിയതിൽ ആർഎസ്എസിനും കടുത്ത അതൃപ്തിയുണ്ട്. ആർഎസ്എസിന്റെ നിർദ്ദേശം നിരന്തരം ലംഘിക്കുന്ന സുരേന്ദ്രൻ, വി മുരളീധരൻ എന്നിവർക്കെതിരെ നടപടി വേണമെന്ന് സംഘപരിവാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ മറവിൽ കേരളത്തിലേക്ക് കോടികൾ കുഴൽപ്പണ രൂപത്തിൽ കടത്തിയതിനെപ്പറ്റി അന്വേഷിക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്.