അസമിൽ വീണ്ടും പൊലീസ് ഭീകരത, രണ്ട് ഗ്രാമീണരെ വെടിവെച്ചുകൊന്നു, മുഖത്തും നെഞ്ചിലും ചവിട്ടി മാധ്യമപ്രവര്‍ത്തകന്‍, ദൃശ്യങ്ങൾ പുറത്ത്

0
10

അസമിൽ കുടിയൊഴിപ്പിക്കലിനെ എതിർത്ത ഗ്രാമീണർക്ക് നേരെ വെടിയുതിർത്തത് പൊലീസ്. വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് ഗുരുതര പരിക്കേറ്റതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പൊലീസ് ഭീകരതയുടെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്യമൊട്ടുക്ക് കടുത്ത പ്രതിഷേധം ഉയർന്നു. അസമിലെ ഡറാങ് ജില്ലയിലാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർ മരിച്ചതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.

കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. നിരായുധനായ ഗ്രാമീണനെ വളഞ്ഞിട്ട് ലാത്തി കൊണ്ട് അതിക്രൂരമായി തല്ലുന്നതും തുടർന്ന് വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനിടെ പോലീസിനൊപ്പമുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകൻ നിലത്ത് വീണ ഗ്രാമീണന്റെ നെഞ്ചിലേക്ക് ചാടുന്നതും യുവാവിന്റെ മുഖത്തും നെഞ്ചിലും ശക്തിയായി ചവിട്ടുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ നിലത്തുവീണ് കിടക്കുന്നയാളെ ലാത്തി കൊണ്ടും മുള കൊണ്ടും നിരന്തരം അടിക്കുന്നതും കാണാം.

ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കല്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച യുവാവിന് നേരെ പോലിസ് വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ് കിടക്കുന്ന യുവാവിനെ വീഡിയോയില്‍ കാണാം. രണ്ടുതവണയാണ് മാധ്യമ ഫോട്ടോഗ്രാഫർ വെടിയേറ്റ് വീണുകിടക്കുന്ന യുവാവിന്റെ മുഖത്തേക്കും നെഞ്ചിലും ചാടുകയും ഷൂസിട്ട കാലുകൊണ്ട് ചവിട്ടുകയും ചെയ്യുന്നത്.

അനധികൃത കയ്യേറ്റമെന്നാരോപിച്ച് 800 കുടുംബങ്ങളെയാണ് ബലം പ്രയോഗിച്ച്‌ ഒഴിപ്പിക്കുന്നത്. പുനരധിവാസ പദ്ധതികളൊന്നുമില്ലാതെ നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചെങ്കിലും ബിജെപി സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. 800 ഓളം പേരാണ് ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആളുകളെ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.

ഗ്രാമീണരെ ബലം പ്രയോഗിച്ച്‌ ഒഴിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും രംഗത്തെത്തി. ഇതോടെയാണ് പോലിസ് അധിക്രമം തുടങ്ങിയത്. ധോല്‍പുര്‍ 1, ധോല്‍പൂര്‍ 3 എന്നീ ഗ്രാമങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടത്തിയതെന്ന് ദാരംഗ് എസ്പി സുശാന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.