2020 ൽ ഏറ്റവും കൂടുതൽ കൊലപാതകം യുപിയിൽ, ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ റിപ്പോർട്ട് പുറത്ത്

0
39

കഴിഞ്ഞവർഷം രാജ്യത്ത് ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിൽ. ഏറ്റവും കൂടുതൽ ജാതീയ കൊലപാതകങ്ങൾ അരങ്ങേറിയതും കിറ്റക്സ് സാബുവും സംഘപരിവാറും വാഴ്ത്തുന്ന ഉത്തർപ്രദേശിൽ തന്നെയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2020 ൽ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 29,193 കൊലക്കേസുകളിൽ 3779 ഉം ഉത്തർപ്രദേശിലാണ്. പ്രണയ ബന്ധങ്ങളെത്തുടർന്നുണ്ടായ തർക്കമാണ് യുപിയിലെ ഭൂരിഭാ​ഗം കൊലപാതകങ്ങൾക്കും കാരണം. 351 കൊലപാതകങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‍തത്. വ്യക്തിപരമായ വൈരാഗ്യത്തെത്തുടർന്ന് 308 കൊലപാതകം. ഏറ്റവും കൂടുതൽ ജാതീയകൊലപാതകവും ഇവിടെത്തന്നെ- ഒമ്പത്.

2019 നെ അപേക്ഷിച്ച് രാജ്യത്ത് കൊലപാതകം കൂടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഒരു ശതമാനത്തിന്റെ വർധന. 2019 ൽ രാജ്യത്ത് 28,915 കൊലപാതക കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2020 ആയപ്പോഴേക്കും അത് 29,193 ആയി കൂടി.

അതേസമയം കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും ലഡാക്കിലും ഒരു കൊലപാതകം പോലും 2020 ൽ ഉണ്ടായിട്ടില്ല. 2018 മുതൽ രാജ്യത്ത് കൊലപാതക കേസുകൾ കൂടിവരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഉത്തർപ്രദേശിനുപിന്നിൽ ബിഹാറാണ്- 3150 കേസുകൾ. മഹാരാഷ്ട്ര (2163), മധ്യപ്രദേശ് (2101) എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. ദിവസേന ശരാശരി 77 ബലാത്സം​ഗക്കേസുകളും 2020 ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. 28,046 ബലാത്സം​ഗക്കേസുകൾ. സ്ത്രീകൾക്കെതിരായ ആകെ ലൈം​ഗികാതിക്രമങ്ങളുടെ എണ്ണം 3,71,503 ആണ്.

രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ ബലാത്സം​ഗക്കേസുകൾ- 5,310. ഉത്തർപ്രദേശ്- 2769, മധ്യപ്രദേശ്- 2339, മഹാരാഷ്ട്ര- 2,061 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.
പട്ടികജാതിക്കാർക്കെതിരായ അക്രമസംഭവങ്ങളും കൂടി. 9.4 ശതമാനത്തിന്റെ വർധന. 2019 ൽ 45961 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2020 ആയപ്പോൾ 50291 ആയി വർധിച്ചു.

പട്ടികവർഗക്കാർക്കെതിരായ അക്രമക്കേസുകളും വർധിച്ചു. 2019 ൽ 7570 കേസുകൾ ഉണ്ടായപ്പോൾ 2020 ൽ അത് 8272 ആയി കൂടി. വർ​ഗീയസംഘർഷത്തെത്തുടർന്നുള്ള കൊലപാതകം കൂടുതൽ ഡൽഹിയിലാണ്- 53. സ്ത്രീധനപീഡനം കാരണമുള്ള കൊലപാതകം ഏറ്റവും കൂടുതൽ പശ്ചിമബം​ഗാളിലാണ്- 303.