Tuesday
3 October 2023
25.8 C
Kerala
HomeKeralaതിരുവനന്തപുരം നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിങ്ങിന് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിങ്ങിന് കര്‍ശന നിയന്ത്രണം

 

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസുകള്‍ നിലവിലില്ലാത്ത വിവിധ റോഡുകളിലൂടെ കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായും സര്‍വ്വീസുകള്‍ സുഗമമാക്കുന്നതിന് തടസ്സമാവുന്ന വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങ് കര്‍ശനമായി നിയന്ത്രിക്കുന്നതിനും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചു.

ഏഴ് റൂട്ടുകളിലൂടെയാണ് കെഎസ്ആര്‍ടിസി ആദ്യം സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നത്. വിവിധ നിറങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുള്ള ബസ്സുകള്‍ സര്‍ക്കുലറായി ക്ലോക്ക് വൈസ് ആയും ആന്റി ക്ലോക്ക് വൈസ് ആയും സര്‍വീസ് നടത്തും. നിശ്ചിത തുക നല്‍കി പാസ് എടുക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ സിറ്റി സര്‍ക്കുലര്‍ ബസില്‍ സഞ്ചരിക്കാനാവുന്നതാണ്. ഇരു ഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ സംഗമിക്കുന്ന സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിങ്ങ് മൂലം ട്രാഫിക് ബ്ലോക്കിന് സാധ്യതയുള്ളതിനാല്‍ അനധികൃത പാര്‍ക്കിങ്ങ് കര്‍ശനമായി തടയേണ്ടതുണ്ടെന്ന് യോഗം തീരുമാനിച്ചു. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്ന നടപടി ഊര്‍ജിതമാക്കുമെന്ന് ട്രാഫിക് പോലീസ് മേധാവികള്‍ യോഗത്തില്‍ ഉറപ്പു നല്‍കി. പൊതു ജനങ്ങളുടെ യാത്രാ സൗകര്യം വര്‍ദ്ധിപ്പിക്കുകയും യാത്രക്കാര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നതുമായ പദ്ധതിയ്ക്ക് പൊതുജനങ്ങള്‍ എല്ലാ വിധ സഹകരണവും നല്‍കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു. നഗരസഭാ അങ്കണത്തിലുള്ള മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങ് സംവിധാനം അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കുമെന്നും നഗരത്തില്‍ കൂടുതല്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കുമെന്നും നഗരസഭ ഉറപ്പു നല്‍കി.

ഗതാഗത വകുപ്പു സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ്, തിരുവനന്തപുരം സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി ഐഎഎസ്, തിരുവനന്തപുരം നഗരസഭ, പോലീസ്, പൊതുമരാമത്ത്, റോഡ് സേഫ്റ്റി അതോറിറ്റി എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments