കർഷകരുമായി അനുനയ നീക്കത്തിന് ഹരിയാന സര്‍ക്കാര്‍

0
27

 

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ട് മടക്കി ഹരിയാന സര്‍ക്കാര്‍. കര്‍ണാലിലെ കര്‍ഷക മഹാപഞ്ചായത്തില്‍ നിന്നും കര്‍ഷകര്‍ പിന്മാറാത്ത സാഹചര്യത്തിലാണ് കര്‍ഷകരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഹരിയാന സര്‍ക്കാര്‍ രംഗത്തെത്തിയത്. കര്‍ഷക നേതാക്കളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഹരിയന സര്‍ക്കാര്‍ അറിയിച്ചു. പ്രക്ഷോഭം കൂടുതൽ ശക്തിയാർജിച്ച സാഹചര്യത്തിലാണ് അനുനയനീക്കവുമായി ഹരിയാന സര്‍ക്കാര്‍ രംഗത്തെത്തിയത്. ഹരിയാനയ്ക്ക് പിന്നാലെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കര്‍ഷക മഹാപഞ്ചായത്ത് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
കര്‍ണാലില്‍ ഓഗസ്റ്റ് 28 ന് നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ കര്‍ഷകരുടെ തല തല്ലിപൊളിക്കാന്‍ നിര്‍ദേശം നല്‍കിയ എസ് ഡി എം ആയുഷ് സിന്‍ഹയ്ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്നും മരിച്ച കര്‍ഷകനും പരിക്കേറ്റ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് മഹാ പഞ്ചായത്ത് ചേര്‍ന്നത്. മഹാ പഞ്ചായത്ത് തകർക്കാൻ സർക്കാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കർഷകരെ പിന്തിരിപ്പിക്കാനായില്ല. തുടർന്നാണ് കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചത്.