നിപ മരണം; ഒരുമിച്ച് കളിച്ച കുട്ടികള്‍ നിരീക്ഷണത്തില്‍, വവ്വാലുകള്‍ കാര്യമായില്ലെന്ന് അയല്‍ക്കാര്‍

0
29

ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി.

കോഴിക്കോട്: കുട്ടികളുടെ വെന്‍റിലേറ്റര്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് നിപ ലക്ഷണങ്ങളോടെയെത്തിയ 12 കാരനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മരിച്ച കുട്ടിയുടെ അയല്‍വാസികള്‍. ഒരുമിച്ച് കളിച്ച കുട്ടികളുള്‍പ്പടെ നിരീക്ഷണത്തിലാണ്. കുട്ടി ആടുമേയ്ക്കാന്‍ പോകാറുണ്ടായിരുന്നെന്നും പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കാര്യമായില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു. ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പാണ്. രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി.

പഴൂരിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഇന്ന് പരിശോധന നടത്തും. മരിച്ച കുട്ടിയുടെ വീട്ടിൽ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാമ്പിള്‍ ശേഖരിക്കുകയും ചെയ്യും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. സാന്നിദ്ധ്യം കണ്ടെത്തിയാൽ ഇവ ഏത് വിഭാഗത്തിൽ പെടുന്നു എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. വവ്വാലിന്‍റെ സ്രവ സാമ്പിള്‍ പരിശോധിക്കേണ്ടതുണ്ടോ എന്നത് പിന്നീട് തീരുമാനിക്കും. നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്ന് മെഡിക്കൽ കോളജിൽ നിപ ട്രൂനാറ്റ് പരിശോധന നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നെത്തുന്ന സംഘം ഇതിനായി പ്രത്യേക ലാബ് സജ്ജീകരിക്കും. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാൻ കഴിയും. അടിയന്തര സാഹചര്യം ഏകോപിപ്പിക്കുന്നതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരെ വരും ദിവസങ്ങളിൽ ഈ കമ്മറ്റികളിൽ ഉൾപ്പെടുത്തും.