കോടതിയലക്ഷ്യക്കേസില്‍ ആന്ധ്രാപ്രദേശില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയും. സര്‍വീസിലുള്ള നാല് ഉദ്യോഗസ്ഥരെയും വിരമിച്ച ഒരാളെയുമാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ശിക്ഷിച്ചത്. പ്രിന്‍സിപ്പല്‍ ഫിനാന്‍സ് സെക്രട്ടറി ഷംഷേര്‍ സിങ് റാവത്ത്, മുഖ്യമന്ത്രിയുടെ അഡീഷനല്‍ സെക്രട്ടറി രേവു മുത്യാല രാജു, എസ്പിഎസ് നെല്ലൂര്‍ ജില്ലാ കലക്ടര്‍ കെവിഎന്‍ ചക്രധര ബാബു, മുന്‍ കലക്ടര്‍ എം വി ശേഷഗിരി ബാബു, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ മന്‍മോഹന്‍ സിംഗ് എന്നിവരെയാണ് ശിക്ഷിച്ചത്.
ചീഫ് സെക്രട്ടറി ആദിത്യ നാഥ് ദാസ് ഉള്‍പ്പെടെ മറ്റ് മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ കേസില്‍നിന്ന് ഒഴിവാക്കി. എന്നാല്‍, ഒരുമാസത്തേക്ക് ശിക്ഷ റദ്ദാക്കാന്‍ ജസ്റ്റിസ് ദേവനന്ദ് ഉത്തരവിട്ടു. നെല്ലൂര്‍ ജില്ലയിലെ തല്ലാപക സാവിത്രാമ്മ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് ജസ്റ്റിസ് ബട്ടു ദേവനന്ദ് വിധി പ്രസ്താവിച്ചത്. റാവത്തിനും സിങ്ങിനും ഒരുമാസം തടവും മറ്റുള്ളവര്‍ക്ക് രണ്ടാഴ്ച തടവുമാണ് വിധിച്ചത്. ഓരോരുത്തര്‍ക്കും 1,000 രൂപ പിഴയും ചുമത്തി. 2015 ല്‍ സാവിത്രാമ്മയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ മൂന്നേക്കറോളം ഭൂമി ഏറ്റെടുത്തിരുന്നു. നഷ്ടപരിഹാരമോ അറിയിപ്പോ നല്‍കാതെയാണ് റവന്യൂ അധികാരികള്‍ ഭൂമി ഏറ്റെടുത്തത്. 2016 ഡിസംബറില്‍ ഭൂമിക്ക് നഷ്ടപരിഹാരം നൽകാമെന്ന് അധികാരികൾ അറിയിച്ചിരുന്നു. നടപടിയുണ്ടാവാത്തതിനെത്തുടര്‍ന്ന് സാവിത്രാമ്മ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് എ രാജശേഖര്‍ റെഡ്ഡി ഹര്‍ജിക്കാരന് മൂന്നുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് 2017 ഫെബ്രുവരി 10ന് നിർദ്ദേശം നൽകി. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ റവന്യൂ അധികാരികള്‍ തയ്യാവാത്തതിനെത്തുടര്‍ന്ന് 2018 ല്‍ സാവിത്രാമ്മ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തു. 2021 മാര്‍ച്ചായിട്ടും നഷ്ടപരിഹാരം നൽകാത്തതിനെത്തുടർന്നാണ് കോടതി നടപടി.
Recent Comments