കൊവിഡ് അതിജീവിച്ചവരില്‍ വൃക്കരോഗത്തിനും സാധ്യതയുണ്ടെന്ന് പുതിയ പഠനം

0
33

കൊവിഡ് അതിജീവിച്ചവരില്‍ വൃക്കരോഗത്തിനും സാധ്യതയുണ്ടെന്ന് പുതിയ പഠനം. ‘അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി’യുടെ പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള ഗവേഷകര്‍ തന്നെയാണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. കൊവിഡ് പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരിലും വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിഞ്ഞവരിലും ഒരുപോലെ വൃക്കരോഗത്തിന് സാധ്യതയുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. നേരത്തെ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നവരില്‍ പോലും ഈ സാധ്യത നിലനില്‍ക്കുന്നതായി പഠനം പ്രതിപാദിക്കുന്നു. ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ എന്നീ നിലകളിലേക്ക് എത്തിക്കുന്ന അത്രയും ഗുതതരമായ രീതിയില്‍ കെവിഡ്, വൃക്കരോഗമുണ്ടാക്കാമത്രേ. രക്തം കട്ട പിടിക്കല്‍, ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം, ശ്വാസതടസം, കരള്‍ രോഗം, വിഷാദരോഗം, ഉത്കണ്ഠ, ഓര്‍മ്മക്കുറവ് തുടങ്ങി പല രീതിയില്‍ കൊവിഡ് 19 ആരോഗ്യത്തിന് തിരിച്ചടിയാകാം. ഇക്കൂട്ടത്തിലേക്കാണ് വൃക്കരോഗം കൂടി ഉള്‍പ്പെടുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടേണ്ട സംഗതിയായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത് കൊവിഡാനന്തരം വൃക്കയ്ക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ ‘സൈലന്റ്’ (നിശബ്ദം) ആയിരിക്കുമെന്നതാണ്. വേദനയും അനുഭവപ്പെടില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇത് അസുഖത്തെ തിരിച്ചറിയുന്നത് പരമാവധി വൈകിപ്പിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.