വാഗൺ ട്രാജഡിയിൽ കൊല്ലപ്പെട്ടവരും സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നും പുറത്ത് : ഐ സി എച്ച് ആർ

0
19

വാഗൺ ട്രാജഡിയിൽ ജീവൻ നഷ്ടപ്പെട്ട 64 പേരുടെ പേരുകളും സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്നും പുറത്തതാകുമെന്ന് ഐ സി എച്ച് ആർ. ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടവുമായി അതിന് ബന്ധമില്ലെന്നും ആയതിനാൽ അവരുടെ രക്തസാക്ഷിത്വം സ്വാതന്ത്ര്യ സമരത്തിനായുള്ളതല്ല എന്നുമാണ് ഐ സി എച്ച് ആറിന്റെ വിശദീകരണം. 1921-ലെ സ്വാതന്ത്ര്യ സമരത്തെ തുടർന്ന് നവംബർ 19-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം എന്നറിയപ്പെടുന്നത്.

1921 നവംബർ 20, വെള്ളപ്പട്ടാളം പിടികൂടിയ തടവുകാരെ അടച്ചിട്ട ചരക്കുവണ്ടികളിൽ ജയിലുകളിലേക്കയച്ചു. കാറ്റും വെളിച്ചവും കടക്കാത്ത സാമാനവണ്ടികളിൽ പലപ്പോഴായി ഏകദേശം 300 മാപ്പിളത്തടവുകാരെ മിലിട്ടറി ക്യാമ്പുകളിലെത്തിച്ചതായി വാഗൺ ട്രാജഡി വിചാരണവേളയിൽ തെളിഞ്ഞിട്ടുണ്ട്. രണ്ടായിരത്തോളം സമരക്കാരെ 32 തവണയായി ആന്തമാനിലേക്കും കോയമ്പത്തൂരിലേക്കും പലഘട്ടങ്ങളിൽ നാടുകടത്തി. കേണൽ ഹംഫ്രിബ്, സ്‌പെഷ്യൽ ഓഫിസർ ഇവാൻസ്, ജില്ലാ പട്ടാള മേധാവി ഹിച്ച്‌കോക്ക്, ആമു സൂപ്രണ്ട് എന്നിവരായിരുന്നു ഇതിന് നേതൃത്വം വഹിച്ചത്. പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവർ കലാപകാരികളെ കാണുന്നതു തടയാൻ തന്റെ ആശയം നടപ്പാക്കിയത്. നവംബർ 10 മുതൽ നാടിന്റെ നാനാ ഭഗത്തു നിന്നും മലബാർ കലാപത്തിന്റെ പേരിൽ നിരവധി പോരാളികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയിരുന്നു. മലബാറിലെ ജയിലുകൾ നിറഞ്ഞുകവിഞ്ഞു. അധിക പേരെയും കള്ളക്കേസ് ചമച്ചായിരുന്നു പോലീസ് പിടികൂടിയത്. പുലാമന്തോൾ പാലം പൊളിച്ചെന്നായിരുന്നു വാഗണിലടച്ചവരിൽ ചുമത്തിയ കുറ്റം.നവംബർ 20ന് കുറ്റം ചെയ്തവരോ അല്ലാത്തവരോ ആയ നൂറോളം തടവുകാരെ എം.എസ്.ആന്റ് എം.റെയിൽവേയുടെ 1711-ആം നമ്പർ വാഗണിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോയമ്പത്തൂർക്ക് അയച്ചു.

വെള്ളമോ വെളിച്ചമോ വായുവോ ഇല്ലാതെ മണിക്കൂറുകൾ നാണ്ട യാത്രയായിരുന്നു. തിരൂർ സ്റ്റേഷൻ വിട്ടപ്പോൾ തന്നെ ദാഹിച്ചുവരണ്ടും പ്രാണവായുവിനായും മരണവെപ്രാളം തുടങ്ങി. ആ നിലവിളികളൊന്നും കാവൽ പൊലീസ് വകവെച്ചില്ല. വണ്ടി ഷൊർണ്ണൂരും ഒലവക്കോട്ടും അൽപസമയം നിർത്തി. അപ്പോഴും ആ ദീനരോദനം പട്ടാളം കേട്ടതായി നടിച്ചില്ല. പുലർച്ചെ തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തി, വാഗൺ തുറന്നപ്പോൾ കണ്ടത് മരണ വെപ്രാളത്തിൽ പരസ്പരം മാന്തിപൊളിച്ചും കെട്ടിപ്പിടിച്ചും വിറങ്ങലിച്ചു കിടന്ന 64 മൃതദേഹമാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ് വാഗൺ ട്രാജഡി. മലബാർ കലാപത്തിന്റെ നേതാക്കളെ പട്ടികയിൽ നിന്നൊഴിവാക്കിയതുപോലെ ഇതും തിരുത്തയെഴുതാനാണ് ഐ സി എച്ച് ആറിന്റെ നീക്കം. ഹിന്ദുത്വവത്കരിക്കപ്പെടുന്ന ഇന്ത്യൻ ചരിത്രത്തിന്റെ നേര്സാക്ഷ്യമാണ് ഇപ്പോൾ ഐ സി എച്ച് ആറിന്റെ നിലപാടുകളിലും ചരിത്ര അപനിർമ്മിതിയിലൂടെയും നടന്നുകൊണ്ടിരിക്കുന്നത്.