ഇബുൾജെറ്റ് ; കത്തിക്കാനിറങ്ങിയ ചങ്ക്‌സും കുടുങ്ങും, 17 ആരാധകർ അറസ്റ്റിൽ , കടുത്ത നടപടിയിലേക്ക് പോലീസ്

0
37

യൂട്യൂബ് വ്ലോഗർമാരായ ഇബുൾജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ 17 ആരാധകരും പോലീസ് പിടിയിൽ. നിയമലംഘനങ്ങൾക്ക് പ്രേരിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയതത്. യൂട്യൂബർമാരുടെ വാൻ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞാണ് രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസ് പരിസരത്ത് കുട്ടികൾ ഉൾപ്പെടെയുള്ള നിരവധി പേർ തടിച്ചു കൂടിയത്. തുടർന്ന് ആർടിഒ ഓഫീസിന് മുന്നിൽ സംഘർഷമുണ്ടാക്കിയതിന് ഇബുൾജെറ്റ് സഹോദരങ്ങൾ എന്ന് അറിയപ്പെടുന്ന ലിബിൻ, ഇബിൻ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

തങ്ങളുടെ വാഹനം കസ്റ്റഡിയിലെടുത്ത വിവരം വ്ലോഗർമാർ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നാണ് ഇവർ കണ്ണൂരിലെ ഓഫീസിൽ എത്തുന്ന വിവരം പോലീസ് അറിഞ്ഞത്. സിവിൽ സ്‌റ്റേഷൻ പരിസരത്തെ കെട്ടിട സമുച്ചയത്തിന് ഇടയിലുള്ള ഭാഗത്തായിരുന്നു വാഹനം നിർത്തിയിരുന്നത്. ഇവിടെയെത്തി വാഹനത്തിനൊപ്പം ആരാധകർ സെൽഫിയെടുക്കുന്നുണ്ടായിരുന്നു. കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു.

മോട്ടർ വാഹന വകുപ്പിന്റെ ഓഫിസിനുള്ളിൽ വ്ലോഗർമാർ ഉദ്യോഗസ്ഥരുമായി തർക്കിക്കാനും ലൈവ് വീഡിയോ ചിത്രീകരിക്കാനും തുടങ്ങിയതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. ഇതിനിടെ ലൈവ് വീഡിയോ കണ്ട് നിരവവധി പേർ സ്ഥലത്തേയ്‌ക്ക് എത്തിയതോടെ സംഭവത്തിൽ പോലീസ് ഇടപെടുകയായിരുന്നു. പോലീസിനെതിരേ കലാപാഹ്വാനം നടത്തിയെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കൊറോണ മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇവരിൽ 17 പേരെ അറസ്റ്റു ചെയ്തു.

അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ പോലീസിനെതിരെയും മോട്ടർ വാഹന വകുപ്പിനെതിരെയും വ്‌ലോഗർമാരുടെ ആരാധകർ നടത്തിയ പ്രചാരണം സൈബർ സെൽ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കേരളം കത്തിക്കും, പോലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും ഇവർ നടത്തുന്നുണ്ട്.