കെപിസിസി പുനസംഘടന, നിർണായക ചർച്ചകൾ ഇന്ന് തിരുവനന്തപുരത്ത്

0
69

 

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലെ നിർണായക ചർച്ചകൾ ഇന്ന് തിരുവനന്തപുരത്ത് വച്ച് നടക്കും. കെപിസിസി ഭാരവാഹികളുടെ എണ്ണവും ഡിസിസി പുനസംഘടനയുമാകും പ്രധാന അജണ്ട.

പ്രതിപക്ഷ നേതാവ് വിഡി.സതീശൻ ,കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ, യുഡിഎഫ് കൺവീനർ എംഎം ഹസൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാകും ചർച്ച നടത്തുക. അവസാനവട്ട ചർച്ചകൾ പൂർത്തിയാക്കി സാധ്യതാ പട്ടിക തയാറാക്കി നിയമസഭാ സമ്മേളനത്തിന് ശേഷം നേതാക്കൾ ഡൽഹിക്ക് പോകും. ഡൽഹി ചർച്ചകൾക്ക് മുമ്പ് കേരളത്തിൽ പ്രാഥമിക ധാരണയിലെത്താനാണ് നീക്കം. മുഴുവൻ ഡിസിസികളും അഴിച്ചുപണിയാനാണ് ധാരണ.

കേരളത്തിലെ ഡിസിസി അധ്യക്ഷൻമാരെ ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് നീക്കം. പിന്നാലെ കെപിസിസി ഭാരവാഹിപ്രഖ്യാപനവും ഉണ്ടാകും. പുനസംഘടനയുമായി ബന്ധപ്പെട്ട് എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവരുമായി കെ സുധാകരൻ ഇതിനോടകം പലവട്ടം ചർച്ചകൾ നടത്തിക്കഴിഞ്ഞു. കരട് സാധ്യതാ പട്ടികയ്ക്കും ഡിസിസി അധ്യക്ഷന്മാരുടെ പാനലിനും ഏകദേശരൂപനവും നൽകിയിട്ടുണ്ട്.

കരട് പട്ടിക മുൻനിർത്തി മുതിർന്ന നേതാക്കളുമായി അവസാനവട്ട ചർച്ചയിലാണ് നേതൃത്വം. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് പദവികളിലേക്ക് പരിഗണിക്കേണ്ടവരുടെ അന്തിമപട്ടികയ്ക്ക് രൂപം നൽകലാണ് ലക്ഷ്യം.