മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്

0
54

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം കണക്കിലെടുത്ത് പുതിയ ഡാം നിര്‍മിക്കുന്നതിന്റെ ആദ്യപടിയായുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുന്നതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭയില്‍ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പുതിയ അണക്കെട്ടിന്റെ നിര്‍മാണത്തിനു മുന്‍പായി വനം പരിസ്ഥിതി വകുപ്പുകളുടെ അനുമതിയും നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സാക്ഷ്യപ്പെടുത്തലുകളും ആവശ്യമാണ്. 2018ല്‍ കേന്ദ്ര വനം പരിസ്ഥിതി, കാലവസ്ഥാ വ്യതിയാന മന്ത്രാലയങ്ങള്‍ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സിനുള്ള അംഗീകാരം നിബന്ധനകളോടെ നല്‍കിയിട്ടുണ്ട്.

തമിഴ്‌നാടുമായി ഇതുസംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ 2019ല്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. തുടര്‍ന്ന് സെക്രട്ടറി തല ചര്‍ച്ചകളും നടന്നിരുന്നു. തേനി, മധുര, രാമനാഥപുരം തുടങ്ങിയ ജില്ലകള്‍ക്ക് ജലം ഉറപ്പുവരുത്തിക്കൊണ്ട് പുതിയ ഡാമിന്റെ നിര്‍മാണം സജീവമായി ഉന്നയിക്കാനാണ് സര്‍ക്കാന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡാമിന് താഴ്ഭാഗത്തായി താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് കൃത്യമായ നിരീക്ഷണ സംവിധാനവുമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ സഭയില്‍ വ്യക്തമാക്കി.