ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്; ഖാദി മേഖലക്കായി ജനകീയ ക്യാമ്പയിന്‍

0
16

കൊവിഡ് മഹാമാരി കാരണം പ്രതിസന്ധിയിലായ കണ്ണൂരിലെ ഖാദി മേഖലയെ സഹായിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ പദ്ധതി. ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബാങ്ക്-പൊതുമേഖലാ ജീവനക്കാര്‍, സര്‍വ്വകലാശാല ജീവനക്കാര്‍, സഹകരണ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനകള്‍ എന്നിവരെയെല്ലാം കോര്‍ത്തിണക്കി ഖാദി ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനത്തിനുളള വിപുലമായ ക്യാമ്പയിനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഈ ഓണത്തിന് പരമാവധി ഖാദി വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും വാങ്ങണമെന്ന അഭ്യര്‍ഥനയാണ് ക്യാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്നതെന്ന് ഇത് സംബന്ധിച്ച ആലോചനായോഗത്തില്‍ കലക്ടര്‍ പറഞ്ഞു.

ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി ഓഫീസുകളും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ വഴി ഉദ്യോഗസ്ഥര്‍ക്ക് കൂപ്പണുകള്‍ വിതരണം ചെയ്യും. ഇതിനായി 500, 1000 രൂപയുടെ കൂപ്പണുകള്‍ തയ്യാറാക്കും. ഓഫീസ് മേധാവികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുക. പരമാവധി ഉേദ്യാഗസ്ഥരെ കൂപ്പണ്‍ വാങ്ങാന്‍ പ്രേരിപ്പിക്കണമെന്ന് ഓഫീസ് മേധാവികളോട് നിര്‍ദേശിക്കും. സര്‍വ്വീസ് സംഘടനകള്‍, വിവിധ മേഖലകളിലെ മറ്റ് സംഘടനകള്‍ എന്നിവരുടെ യോഗവും ഇതിനായി കലക്ടര്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്. വാണിജ്യ, വ്യാപാര മേഖലയിലെ സംഘടനകളുടെ സഹകരണവും അഭ്യര്‍ഥിക്കും.

സമൂഹത്തിലെ പ്രമുഖരെയും ജനപ്രതിനിധികളെയും ക്യാമ്പയിനിന്റെ ബ്രാന്റ് അംബാസഡര്‍മാരാക്കും.’ഈ ഓണം ഖാദിക്കൊപ്പം’ എന്ന ടാഗ്‌ലൈനില്‍ ജില്ലയിലെ പ്രമുഖരുടെയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും പ്രചാരണ പരിപാടിയും നടപ്പിലാക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവര്‍ക്ക് ജില്ലാ ഭരണകൂടം നേരിട്ട് ഖാദി ഓണക്കോടി നല്‍കും. ജില്ലയിലെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ കഴിയുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് വഴി ഓണക്കോടി എത്തിക്കാനും പദ്ധതി തയ്യാറാക്കും. താല്‍പ്പര്യമുളള സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് ഈ ഉദ്യമവുമായി സഹകരിക്കാന്‍ അവസരമൊരുക്കും.

ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലെയും ജനപ്രതിനിധികളോടും പദ്ധതിയുടെ ഭാഗമാകാന്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു. ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പനക്കായി നിലവിലുള്ള കേന്ദ്രങ്ങള്‍ക്ക് പുറമെ പരമാവധി തദ്ദേശസ്ഥാപനങ്ങളില്‍ ഓണക്കാലത്ത് താല്‍ക്കാലിക ഖാദി വില്‍പ്പന കേന്ദ്രം ആരംഭിക്കും. ഇതിനുള്ള സൗകര്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങളാണ് ഒരുക്കി നല്‍കേണ്ടത്. പരമാവധി ആളുകളില്‍ ഖാദി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും കേന്ദ്രീകൃത വില്‍പ്പന കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനുമാണിത്.