പെഗാസസ് ബിജെപിയുടെ രാഷ്ട്രീയായുധം ; സംസ്ഥാന ഭരണം അട്ടിമറിക്കാൻ ഉപയോഗിച്ചതായി റിപ്പോർട്ട്

0
35

രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ ചോർത്തുന്നതിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാനും ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയറായ പെഗാസസിനെ കേന്ദ്ര സർക്കാർ ആയുധമാക്കി. കർണാടകയിലെ ജെഡിഎസ്‌–- കോൺഗ്രസ്‌ സഖ്യസർക്കാരിനെ അട്ടിമറിക്കാൻ പെഗാസസിനെ ആയുധമാക്കിയ കേന്ദ്രവും ബിജെപിയും മധ്യപ്രദേശടക്കം മറ്റ്‌ സംസ്ഥാനങ്ങളിലും സമാന നീക്കം നടത്തിയിട്ടുണ്ടാകാമെന്ന സംശയം ബലപ്പെടുന്നു.

2019 ജൂലൈയിൽ കർണാടകത്തിലെ അട്ടിമറി വിജയിത്തിനു പിന്നാലെയാണ്‌ മധ്യപ്രദേശിലും കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിലേക്ക്‌ കൂറുമാറിയതും കമൽനാഥ്‌ സർക്കാർ വീണതും. വിമതനീക്കങ്ങളെ തടുക്കാൻ കമൽനാഥ്‌ കിണഞ്ഞ്‌ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോൺഗ്രസിന്റെ തന്ത്രങ്ങളെല്ലാം ‘മുൻകൂട്ടി കണ്ട’ ബിജെപി അതെല്ലാം മറികടന്ന്‌ കരുക്കൾ നീക്കി.

2019 ൽ കർണാടകയിൽ ഉപമുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ്‌ നേതാവ്‌ ജി പരമേശ്വര, മുഖ്യമന്ത്രിയായിരുന്ന എച്ച്‌ ഡി കുമാരസ്വാമിയുടെയും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പേഴ്‌സണൽ സെക്രട്ടറിമാർ, മുൻ പ്രധാനമന്ത്രിയും ജെഡിഎസ്‌ അധ്യക്ഷനുമായ എച്ച്‌ ഡി ദേവഗൗഡയുടെ സുരക്ഷാവിഭാഗത്തിലെ പൊലീസുകാരൻ എന്നിവരുടെ ഫോണുകളിലേക്ക്‌ പെഗാസസ്‌ കടന്നുകയറ്റശ്രമം നടത്തിയെന്ന്‌ ‘ദ വയർ’ റിപ്പോർട്ടുചെയ്‌തു.

ചോർത്തലിൽനിന്ന്‌ രക്ഷപ്പെടാൻ പല നേതാക്കളും സഹായികളുടെയും മറ്റും ഫോണുകളാണ്‌ നിർണായക സംഭാഷണങ്ങൾക്ക്‌ ഉപയോഗിക്കാറ്‌. ഇത്‌ മനസ്സിലാക്കിയാണ്‌ മുഖ്യമന്ത്രിമാരായിരുന്ന കുമാരസ്വാമിയുടെയും സിദ്ദരാമയ്യയുടെയും പേഴ്‌സണൽ സെക്രട്ടറിമാരുടെ ഫോണുകൾ പെഗാസസ്‌ ലക്ഷ്യമിട്ടത്‌. മുൻ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡയുടെ സുരക്ഷാസംഘത്തിലെ പൊലീസ്‌ കോൺസ്റ്റബിൾ മഞ്‌ജുനാഥ്‌ മുദ്ദെഗൗഡയുടെ ഫോണും ചോർത്തി.

കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി ഒരു നമ്പർ ഉപേക്ഷിച്ച്‌ മറ്റൊരു നമ്പർ ഉപയോഗിച്ച്‌ തുടങ്ങിയത്‌ കർണാടക അട്ടിമറിക്കാലയളവിലായിരുന്നു. രാഹുലിന്റെ ഈ നമ്പർ പെഗാസസിന്റെ താൽപ്പര്യപ്പട്ടികയിൽ എത്തിയതും ഇതേ കാലയളവിലാണ്‌. കർണാടകത്തിൽ ബിജെപിയുടെ അട്ടിമറിനീക്കത്തെ ജെഡിഎസും കോൺഗ്രസും ഒരേപോലെ ചെറുക്കാൻ ശ്രമിച്ചിരുന്നു. നിലവിൽ പിസിസി പ്രസിഡന്റായി ഡി കെ ശിവകുമാർ മുംബൈയിലെത്തി വിമതരെ കാണാൻ ശ്രമിച്ചതടക്കം ഇതിനുദാഹരണം. വിമതനീക്കം തടയാൻ സ്‌പീക്കറും ശ്രമിച്ചു. ഭൂരിഭാഗം പേരുടെയും രാജി സ്‌പീക്കർ തള്ളി. എന്നാൽ, അന്ന്‌ അറ്റോർണി ജനറലായിരുന്ന മുകുൾ റോത്തഗി സുപ്രീംകോടതിയെ സമീപിച്ച്‌ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ വഴി അനുകൂല വിധി നേടി. വിരമിച്ചശേഷം ഗൊഗോയിയെ മോഡി സർക്കാർ രാജ്യസഭയിലെത്തിച്ചു.

2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 224 അംഗസഭയിൽ ബിജെപി 105 സീറ്റോടെ ഏറ്റവും വലിയ കക്ഷിയായെങ്കിലും ജെഡിഎസും കോൺഗ്രസും തെരഞ്ഞെടുപ്പിനുശേഷം സഖ്യം രൂപീകരിച്ചു. സഖ്യത്തിനാണ്‌ ഭൂരിപക്ഷമെങ്കിലും ബിജെപിക്കാരനായ ഗവർണർ വാജുഭായ്‌ വാല യെദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ആദ്യം ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ യെദ്യൂരപ്പയ്‌ക്ക്‌ കഴിഞ്ഞില്ല. ഇതോടെ കുമാരസ്വാമിയുടെ നേതൃത്വത്തിൽ സഖ്യസർക്കാർ അധികാരത്തിലേറി. 2019ൽ രണ്ടാം മോഡി സർക്കാർ വന്നതോടെ കർണാടകത്തിൽ ബിജെപി അട്ടിമറിനീക്കം സജീവമാക്കി. പെഗാസസ്‌ കാര്യങ്ങൾ എളുപ്പമാക്കി.