ഒമ്പതുകാരൻ രക്ഷിച്ചത് മൂന്ന് ജീവനുകൾ ; നന്ദൂട്ടനെ തേടി അഭിനന്ദന പ്രവാഹം

0
17

കൺമുമ്പിൽ മൂന്ന് പേർ ഷോക്കേറ്റ്‌ പിടയുബോൾ നിങ്ങൾ എന്ത് ചെയ്യും ? അതും സ്വന്തം ഇളയച്ഛനും അമ്മൂമ്മയും അപ്പൂപ്പനും ഷോക്കേറ്റ്‌ പിടയുബോൾ , പേടിപ്പിക്കുന്ന കാഴ്ച ആയിരിക്കും അത് എന്നാൽ ചെമ്പിലോട്‌  മുതുകുറ്റി ചാലിൽ ഹൗസിൽ നന്ദൂട്ടൻ എന്ന ഒരു ഒമ്പതുകാരന്‌ അങ്ങനെ പേടിച്ച് നിൽക്കാനായില്ല.

ഷോക്കേറ്റവരെ ഓടിച്ചെന്ന്‌ പിടിച്ച്‌ അവരിൽ ഒരാളാകാൻ നന്ദൂട്ടൻ നിന്നില്ല. പെട്ടെന്ന്‌ സ്‌കൂളിൽ നിന്നുകിട്ടിയ പ്രതിരോധ പാഠം ഓർത്തു. നേരെ പോയി മെയിൻ സ്വിച്ച് ഓഫ് ചെയ്‌തു.ഒപ്പം അയൽക്കാരെ വിളിച്ചുവരുത്തി എല്ലാവർക്കും പ്രഥമ ശുശ്രൂഷയും നൽകി.

കണ്ണൂർ ചെമ്പിലോട് ആണ് സംഭവം . ശനിയാഴ്‌ച വൈകിട്ട്‌ നാലരയോടെയാണ്‌ വീട്ടിലേക്കുള്ള വഴിയിൽ തൂക്കിയിട്ട ബൾബിൽനിന്ന്‌ നന്ദൂട്ടന്റെ ഇളയച്ഛൻ ഷിജിലിന് ഷോക്കേൽക്കുന്നത്‌. രക്ഷിക്കാനെത്തിയ അമ്മ ഭാരതിക്കും അച്ഛൻ ലക്ഷ്മണനും ഷോക്കേറ്റു.

ഈ സമയമാണ്‌ സമീപത്ത്‌ കളിച്ചുകൊണ്ടിരുന്ന നന്ദൂട്ടൻ ഓടിയെത്തിയതും രക്ഷകനായതും. വലിയ അപകടത്തിൽനിന്ന്‌ കുടുംബത്തെ രക്ഷിക്കാൻ അവസരോചിതമായി ഇടപെട്ട കുട്ടിയെ തേടി ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്‌. മൗവ്വഞ്ചേരി യുപി സ്കൂളിലെ അഞ്ചാംക്ലാസ്‌ വിദ്യാർഥിയാണ് നന്ദൂട്ടൻ എന്ന  ദേവാനന്ദ്‌. ഷിബു–- പ്രജിത ദമ്പതികളുടെ മകനാണ്.