INVESTIGATION കേരള ചിക്കൻ പദ്ധതി പൊളിഞ്ഞോ ? വസ്തുതയെന്ത് ?

0
107

അനിരുദ്ധ്. പി.കെ

കേരള ചിക്കൻ പദ്ധതിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നുണ പ്രചരണം ഏറ്റെടുത്തിരിക്കുകയാണ് ചിലർ. പദ്ധതി നടപ്പിലായില്ലെന്നും, സർക്കാർ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും വരുത്തി തീർക്കാൻ കൊണ്ട് പിടിച്ച നുണ പ്രചാരണമാണ് നടക്കുന്നത്.കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ന്യായവിലയ്ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ.ശുദ്ധമായ രീതിയിൽ മാംസോൽപ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കൻ ലൈവ് ഔട്ട് ലെറ്റുകളിലൂടെയാണ് കോഴികളെ വിൽപ്പന നടത്തുക. കടകളുടെ ബ്രാൻഡിംഗ്, ആധുനികവൽക്കരണം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ നിലവിൽ വരുന്നതോടെ ഇറച്ചിക്കോഴി വിപണനമേഖലയും കാലാനുസൃതമായി നവീകരിക്കപ്പെടുമെന്നും സർക്കാർ പദ്ധതിയുടെ ഉദ്‌ഘാടന വേളയിൽ വ്യക്തമാക്കിയിരുന്നു. കമ്പോളവില താഴുമ്പോൾ ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കുകയും ചെയ്യുന്ന പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് കുടുംബശ്രീ വഴിയാണ്. https://www.keralachicken.org.in/ എന്ന വെബ്സൈറ്റിൽ പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമാകും.

പദ്ധതി വഴിയിൽ ഉപേക്ഷിച്ചെന്നും നടപ്പാക്കിയില്ലെന്നും നുണ പറയുന്നവരെ തള്ളിക്കളയുകയാണ് അധികൃതർ. നിലവിൽ ഏഴു ജില്ലകളിൽ പദ്ധതി നടപ്പിലാക്കകിക്കഴിഞ്ഞു, മൂന്നു ജില്ലകളിൽ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ആദ്യഘട്ട പ്രവർത്തനം നടത്തി കഴിഞ്ഞു.ഉടൻ തന്നെ ഈ ജില്ലകളിലും പദ്ധതി പ്രവർത്തനം ആരംഭിക്കും. മലപ്പുറം,ആലപ്പുഴ,കണ്ണൂർ എന്നീ ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ദീർഘകാല അടിസ്ഥാനത്തിലാണ് പദ്ധതി പ്രവർത്തിക്കുന്നത് അതിനാൽ തന്നെ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക.

നിലവിൽ കുടുംബശ്രീയുടെ ഔട്ലെറ്റുകൾ വഴി കേരള ചിക്കൻ ഏഴ് ജില്ലകളിൽ ലഭ്യമാക്കുന്നുണ്ട്. കുടുംബശ്രീ യൂണിറ്റുകളിൽ കോഴിവളർത്തിലിന് താല്പര്യമുള്ള കർഷകർക്ക് കോഴിക്കുഞ്ഞുങ്ങളെയും,തീറ്റയും, സൗജന്യ കുത്തിവെപ്പും നൽകും, ആവശ്യത്തിനുള്ള തൂക്കമെത്തുമ്പോൾ കോഴികളെ കർഷകരുടെ പക്കൽ നിന്നും ശേഖരിച്ച് ഔട്ലെറ്റുകളിൽ എത്തിച്ച് ഇറച്ചിയായി വിൽക്കും ഈ രീതിയിലാണ് ഇപ്പോൾ പ്രവർത്തനം പുരോഗമിക്കുന്നത്. പൂർണമായും കുടുംബശ്രീ വഴിയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും, നിലവിൽ വിപണിയിൽ ഇറച്ചി എത്തിക്കുന്നുണ്ടെന്നും പദ്ധതിക് നേതൃത്വമേ നൽകുന്ന കെ ബി എഫ് പി സി എൽ ഡയറക്‌ടർ ഷൈജി പ്രമോദ് നേരറിയാനോട് വ്യക്തമാക്കി. പദ്ധതിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ഇതോടെ വ്യക്തമാക്കുകയാണ്. കുടുംബശ്രീ വഴി ഭംഗിയായി നടക്കുന്ന പദ്ധതിയെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് വ്യാജ പ്രചാരണങ്ങൾക് പിന്നിലെന്ന് വ്യക്തമാവുകയാണ്.

സർക്കാർ വ്യക്തമാക്കിയ രീതിയിൽ ഘട്ടം ഘട്ടമായി പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏഴ് ജില്ലകളിൽ പദ്ധതി കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്, മൂന്നു ജില്ലകളിൽ ആദ്യഘട്ടം പൂർത്തിയായിക്കഴിഞ്ഞു. കർഷകർക്ക് പ്രതീക്ഷ നൽകുന്ന പദ്ധതി നല്ലനിലയിൽ മുന്നോട്ടു പോകുമെന്നതിൽ തർക്കമില്ല.