ആലപ്പുഴയിലെ ബോഗികൾ ഉത്തരേന്ത്യയിലേക്ക്

0
55

ചേർത്തലയിലെ പൊതുമേഖലാ സ്ഥാപനമായ ഓട്ടോക്കാസ്റ്റിൽ നിർമിച്ച ആദ്യ ട്രെയിൻ ബോഗി റെയിൽവേ ഏറ്റെടുക്കുന്നതിന് അനുമതിയായി. റെയിൽവേയുടെ റിസർച് ‍ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻസ് (ആർഡിഎസ്ഒ) അധികൃതർ ചേർത്തല ഓട്ടോക്കാസ്റ്റിലെത്തി ബോഗി പരിശോധന നടത്തി. തുടർന്ന്, ബോഗി കയറ്റി അയയ്ക്കുന്നതിനുള്ള അന്തിമ അനുമതി നൽകി. വ്യവസായ വകുപ്പുമായി ചർച്ച ചെയ്ത് ബോഗി കയറ്റി അയയ്ക്കുന്ന തീയതി ഉടൻ തീരുമാനിക്കും.

ഉത്തര റെയിൽവേ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന് ആവശ്യമായ 5 കാസ്നബ് ബോഗികൾ നിർമിക്കുന്നതിനാണ് 2020 മാർച്ചിൽ ഓട്ടോക്കാസ്റ്റിന് ഓർഡർ ലഭിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏറെ തടസ്സങ്ങൾ ഉണ്ടായതിനാൽ ആദ്യ ബോഗി നിർമാണം അടുത്തിടെയാണ് പൂർത്തിയായത്.

രണ്ടാമത്തേത് തുടങ്ങിയിട്ടുമുണ്ട്. 2 മീറ്റർ വീതിയും രണ്ടര മീറ്റർ നീളവും മുക്കാൽ മീറ്റർ ഉയരവുമുണ്ട് ഒരു ബോഗിക്ക്. രണ്ടര ടണ്ണോളം ഭാരം വരും.14.5 ലക്ഷം രൂപയാണ് 5 ബോഗികൾക്കുമായി റെയിൽവേ അനുവദിച്ചിരിക്കുന്നത്.ബാക്കിയുള്ള 4 ബോഗികളും രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കി നൽകുന്നതിന് നടപടി തുടങ്ങി.ആർഡിഎസ്ഒ ഹൈദരാബാദ് റീജനിലെ സീനിയർ ഇൻസ്പെക്ടിങ് ഓഫിസർ സി. ലക്ഷ്മിനാരായണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഓട്ടോക്കാസ്റ്റിലെത്തിയത്. ഓപ്പൺ ‌ട്രക്കിൽ കയറ്റി റോഡ് മാർഗം ഉത്തര റെയിൽവേയുടെ അമൃത്സറിലെ റെയിൽവേ വർക്‌ഷോപ്പിലേക്കാണ് ബോഗി അയയ്ക്കുക.