കേരള പി.എസ്.സി. പത്താംതരം- മുഖ്യപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

0
36

കേരള പബ്ലിക് സർവീസ് കമ്മിഷൻ പത്താംതരം നിലവാരത്തിലുള്ള തസ്തികകളുടെ രണ്ടാംഘട്ട പരീക്ഷകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു. 2021 ഒക്ടോബർ 23, 30 തീയതികളിലും ഡിസംബർ 1 മുതൽ 11 വരെയുള്ള തീയതികളിലുമായാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. പ്രാഥമിക പരീക്ഷയിലുണ്ടായ 192 തസ്തികകളെ ജോലി സ്വഭാവം അനുസരിച്ച് വിവിധ
വിഭാഗങ്ങളായി തരംതിരിച്ചാണ് രണ്ടാം ഘട്ടത്തിലുള്ള മുഖ്യപരീക്ഷ നടത്തുന്നത്.

2021 ഫെബ്രുവരി 20, 25 മാർച്ച് 6, 13 ജൂലായ് 3 എന്നീ അഞ്ച് ഘട്ടങ്ങളിലായി നടന്ന പ്രാഥമിക പരീക്ഷയിൽ വിജയിക്കുന്നവർക്കാണ് മുഖ്യപരീക്ഷകൾ നടത്തുന്നത്.

പ്രാഥമിക പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഓരോ തസ്തികയിലേക്കും പ്രത്യേകം
ചുരുക്കപ്പട്ടികകൾ സെപ്തംബറിൽ പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട പരീക്ഷയ്ക്ക് പ്രത്യേകമായി
സ്ഥിരീകരണം നൽകേണ്ടതില്ല. ഓരോ തസ്തികയുടെയും ജോലിസ്വഭാവം അനുസരിച്ച് ഗ്രൂപ്പുകളായി തിരിച്ച് പരീക്ഷകൾ നടത്തുന്നതോടൊപ്പം ഓരോ തസ്തികയ്ക്കും പുതുക്കിയ
സിലബസും നിശ്ചയിച്ചിട്ടുണ്ട്.

വെബ്സൈറ്റിലെ പരീക്ഷാകലണ്ടറിൽ നൽകിയിട്ടുള്ള സിലബസ് ലിങ്കിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് ഇത് ലഭ്യമാകും. പരീക്ഷയുടെ സമയം, പരീക്ഷാകേന്ദ്രം എന്നിവ സംബന്ധിച്ച വിവരം അഡ്മിഷൻ ടിക്കറ്റിൽ ലഭ്യമാകുന്നതാണ്. കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷയുടെ
മുഖ്യപരീക്ഷ കോവിഡ് പശ്ചാത്തലത്തിലും ഈ വർഷം തന്നെ നടത്തുവാൻ കഴിയുന്നത് വലിയ നേട്ടമാണ്. പ്രാഥമിക പരീക്ഷകൾ കഴിഞ്ഞ് മൂല്യനിർണ്ണയവും സമയബന്ധിതമായി പൂർത്തീകരിക്കുവാൻ കഴിഞ്ഞു. ആദ്യമായാണ് കേരള പി.എസ്.സി. കൂടുതൽ തസ്തികകൾക്ക്
ദ്വിതലത്തിലുള്ള പരീക്ഷകൾ നടത്തുന്നത്. ഇത് വഴി ഓരോ തസ്തികയുടെയും ജോലി സ്വഭാവം അനുസരിച്ച് കഴിവും പ്രാപ്തിയുമുളള ഉദ്യോഗസ്ഥരെ കണ്ടെത്തുവാൻ കഴിയുമെന്ന സവിശേഷതയുമുണ്ട്.

രണ്ടാംഘട്ടത്തിൽ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം
കുറയുന്നതുമൂലം പരീക്ഷാനടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുവാനും സാധിക്കും.