കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം, നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ’ : മുഖ്യമന്ത്രി

0
43

കേരളത്തെ അപമാനിക്കാനുള്ള ആസൂത്രീത നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് വസ്തുതകൾക്ക് നിരക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമായിരുന്നു. നാട് അത് പൂർണമായി നിരാകരിച്ചു. വ്യവസായികൾ ഏറ്റവും വലിയ നിക്ഷേപ സൗഹൃദമായ സംസ്ഥാനമായാണ് കേരളത്തെ കാണുന്നത്. വിജ്ഞാന സമ്പത്ത് ഘടനയിലേക്കുള്ള മാറ്റമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളമാണ് ഒന്നാം സ്ഥാനത്തുള്ളത്. 75 സ്‌കോർ കേരളം നേടി. സൂചികയിൽ പ്രധാനം വ്യവസായ വികസനമാണ്. ഇന്ത്യ ഇന്നോവേഷൻ സൂചികയിൽ മികച്ച വ്യവസായ സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളിൽ 2ാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യത്തിൽ നാലാം സ്ഥാനവും കേരളം നേടി. ഇതൊക്കെ വസ്തുതകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്നതാണ്. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈയ്ഡ് എകണോമിക് റിസേർച്ചിന്റെ സൂചികയിലും നാലാമതായി കേരളം എത്തി.

സർക്കാർ അധികാരത്തിലെത്തിയപ്പോൾ നിക്ഷേപ അനുകൂല നടപടികളാണ് സ്വീകരിച്ചു വന്നത്. വ്യവസായ തർക്ക പരിഹാരത്തിന് ജില്ലാ തല സമിതികൾ രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രീകൃത പരിശോധന സംവിധാനം രൂപീകരിക്കും. ഇങ്ങനെ നിരവധി സംവിധാനങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കി.