വ്യവസായക്കുതിപ്പും നുണക്കോട്ടകളും

0
37

ദേശാഭിമാനി മുഖപ്രസംഗം

കേരളത്തിൽ വ്യവസായം വരില്ലെന്നും വന്നാൽ വാഴില്ലെന്നുമുള്ള പ്രചാരവേല പുതുതല്ല. സംസ്ഥാനത്തിന്റെ ശത്രുക്കൾ എന്നും ഈ നുണ പരത്തിയിരുന്നു. ഒരു ഇടതുപക്ഷ സർക്കാർ അധികാരമേറ്റാൽ ഇത് ശക്തമാകും. കഴിഞ്ഞ കുറച്ചു ദിവസമായി ചില മാധ്യമങ്ങളും സംഘപരിവാറും ഈ ‘നിത്യഹരിത’ നുണ ആവർത്തിക്കുന്നു.

ഒരു വ്യവസായി, അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ നടന്ന ചില പരിശോധനകളെപ്പറ്റി ഉയർത്തിയ പരാതിയുടെ മറപിടിച്ചാണ് ഇപ്പോഴത്തെ നീക്കം. കേരളത്തിൽ ഇപ്പോഴുള്ള വ്യവസായങ്ങൾ നാടുവിടാൻ ഒരുങ്ങുന്നെന്നും ഇനി ആരും വരില്ലെന്നുമാണ് വാദം. കേരളത്തിൽ ഇതുവരെ തുടങ്ങിയിട്ടില്ലാത്ത ചില വ്യവസായങ്ങൾപോലും ‘കമ്യൂണിസ്റ്റുകാർ പൂട്ടിച്ച’ പട്ടികയിലാക്കി സംഘി നുണയന്ത്രങ്ങൾ കഥ മെനയുന്നുമുണ്ട്.

സംസ്ഥാന സർക്കാർ വ്യവസായരംഗത്ത് നടത്തുന്ന ഉറച്ച കാൽവയ്പുകളാണ് ഇത്തരം പ്രചാരണം ശക്തമാക്കാൻ ഇപ്പോൾ ഇടയാക്കിയത്. വ്യവസായ വികസനത്തിന് മികച്ച അടിത്തറയിട്ടാണ് കഴിഞ്ഞ സർക്കാർ ഒഴിഞ്ഞത്. അധികാരമേറ്റ് ഒന്നരമാസം പിന്നിടുമ്പോഴേക്കും ഭാവിയിലേക്ക് വൻ കുതിപ്പിന് ഉതകുന്ന പദ്ധതികൾ പുതിയ സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. വ്യവസായമന്ത്രി പി രാജീവ് ഇവയുടെ രൂപരേഖ ഇതിനകം ജനങ്ങളുടെ മുമ്പിൽ വച്ചിട്ടുണ്ട്.

ഇതിൽ മുഖ്യം ചെറുകിട വ്യവസായങ്ങൾക്കുള്ള 1416 കോടി രൂപയുടെ സഹായ പദ്ധതിയാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ സുപ്രധാന പങ്കുള്ളവയാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ. 14,176 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്തുണ്ട്‌. എന്നാൽ, കോവിഡ് മഹാമാരി ഈ മേഖലയെ തകർത്തെറിഞ്ഞു. ഇവിടെ സാധാരണ നില മടക്കിക്കൊണ്ടുവരാനാണ് പദ്ധതി. സബ്സിഡി കൂട്ടിയും വായ്പകൾ പുനഃക്രമീകരിച്ചും കുറഞ്ഞ പലിശയ്ക്ക് കൂടുതൽ വായ്പ അനുവദിച്ചും പിഴപ്പലിശ ഒഴിവാക്കിയും സഹായമെത്തിക്കും.

കേരളത്തിന്റെ ഭാവിവ്യവസായ വികസനത്തിനായി എൽഡിഎഫിന്റെ പ്രകടനപത്രികയിലുള്ള നിർദേശങ്ങളത്രയും നടപ്പാക്കാനും നടപടി നീങ്ങുന്നു. കൊച്ചി-–-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കി. ഒരു ജില്ല; ഒരു ഉൽപ്പന്നം പദ്ധതിയും എറണാകുളത്തെ രാജ്യാന്തര പ്രദർശനകേന്ദ്രവും പൊതുമേഖലാ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന നടപടികളും മികവിന്റെ പുരസ്കാരങ്ങളും ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ് റാങ്കിങ് ഉയർത്താനുള്ള തുടർ പ്രവർത്തനങ്ങളുമെല്ലാം അതിവേഗത്തിലായി. എല്ലാം അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ കുതിപ്പാണ്.

പല വകുപ്പുകൾ പലപ്പോഴായി നടത്തുന്ന പരിശോധനകളെപ്പറ്റി വ്യവസായികൾക്ക് എന്നും പരാതിയുണ്ട്. അതിനും പരിഹാരമായി. പരിശോധനാ സംവിധാനം കേന്ദ്രീകൃതമാക്കുകയാണ്. ലോ, മീഡിയം, ഹൈ റിസ്ക് വിഭാഗങ്ങളിലായി വ്യവസായങ്ങളെ തിരിച്ച് ആവശ്യാനുസരണം മാത്രമാകും പരിശോധന. പരിശോധനയ്‌ക്ക് പോകേണ്ട ഉദ്യോഗസ്ഥരെ സോഫ്റ്റ്‌വെയർ തീരുമാനിക്കും. റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ സ്ഥാപന ഉടമയ്ക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വ്യവസായവകുപ്പിൽ ഫയലുകൾ വൈകുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്നത്‌ പൂർണമായി ഒഴിവാക്കാനും നടപടിയായി. ഇങ്ങനെ ഒരു വശത്ത് വ്യവസായക്കുതിപ്പിന് വഴിയൊരുക്കാനും മറുവശത്ത് വ്യവസായികളുടെ എല്ലാക്കാലത്തെയും പരാതികൾക്ക് തീർപ്പാക്കാനും സർക്കാർ ശ്രമിക്കുകയാണ്.

ഈ നടപടികൾ ഫലം കാണുന്നുണ്ട്. സംസ്ഥാനത്തെ മികച്ച വ്യവസായ അന്തരീക്ഷത്തെപ്പറ്റി മലയാളികളും മറുനാട്ടുകാരുമായ ഒട്ടേറെ വ്യവസായികൾ ഇതിനകം പ്രതികരിക്കുകയും ചെയ്തു. കേരളത്തിലെ ഐടി ഗവേഷണ-വികസന പദ്ധതികൾ വിപുലപ്പെടുത്താൻ ലോകത്തെ പ്രമുഖ ഡിസൈൻ, ടെക്നോളജി സേവനദാതാക്കളായ ടാറ്റാ എൽക്സിയും കിൻഫ്രയും ധാരണപത്രം ഒപ്പിട്ടത് കഴിഞ്ഞയാഴ്ചയാണ്.

ഈ പുതിയ ഉണർവാണ് അപവാദപ്രചാരകരുടെ ഉറക്കം കെടുത്തുന്നത്. അവരുടെ ആരവം ഉച്ചത്തിലായത് ഈ സാഹചര്യത്തിലാണ്. കേരളത്തിലെ തൊഴിലാളിക്ക് സമരമേ അറിയൂ എന്നാണ്‌ ഇക്കൂട്ടരുടെ മുഖ്യ പ്രചാരണം. എന്നാൽ, സമരത്തിൽ സമീപകാലത്ത് പൂട്ടിയ ഒറ്റ സ്ഥാപനത്തെപ്പറ്റിയും അവർക്ക് പറയാനുമില്ല. ശരിയാണ്, കേരളത്തിലെ തൊഴിലാളി വർഗബോധമുള്ളവരാണ്‌. അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കരുത്തുള്ളവരാണ്‌.

അങ്ങനെ പൊരുതി നേടിയ നേട്ടങ്ങളാണ് ലോകഭൂപടത്തിൽത്തന്നെ വികസിത രാജ്യങ്ങൾക്കൊപ്പം തല ഉയർത്തി നിൽക്കാൻ ഈ ചെറിയ നാടിന്‌ അടിത്തറയിട്ടത്. നോക്കുകൂലിപോലെ ചില വീഴ്ചകൾ മുൻകാലത്തുണ്ടായി എന്നത് ശരിയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാർതന്നെ കർശന നടപടികളിലൂടെ അതൊക്കെ ഇല്ലാതാക്കി.

ഇപ്പോൾ അനേകം വ്യവസായികൾ ഏറ്റവും മികച്ച നിക്ഷേപകേന്ദ്രമായി കാണുന്ന സംസ്ഥാനത്തെ നാളെയുടെ സാധ്യതകളെക്കൂടി ഉപയോഗപ്പെടുത്തി ഏറെയേറെ മുന്നിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന്‌ തടയിടാൻ ഇപ്പോഴത്തെ നുണപ്രചാരണംകൊണ്ട്‌ കഴിയില്ലെന്നുമാത്രം ഓർമിപ്പിക്കട്ടെ.