ലോക ടെസ്റ്റ് ക്രിക്കറ്റ് : ന്യൂസിലൻഡിന് കിരീടം

0
17

 

ലോക ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന് കിരീടം. ആറ് ദിവസംവരെ നീണ്ട ഫൈനലിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് കീഴടക്കി. ആദ്യമായാണ് കിവികൾ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഒരു കിരീടം നേടുന്നത്.

ഇന്ത്യ ഉയർത്തിയ 139 റൺ വിജയലക്ഷ്യം ബൗളർമാർ മേധാവിത്വം പുലർത്തിയ പിച്ചിൽ പതറാതെ പിന്തുടർന്നു. പരിചയസമ്പന്നരായ ക്യാപ്റ്റൻ കെയ്ൻ വില്യംസണും (89 പന്തിൽ 52), റോസ് ടെയ്‌ലറുമാണ് (100 പന്തിൽ 47) അവരെ ചരിത്ര വിജയത്തിലേക്ക് നടത്തിച്ചത്.സ്‌കോർ: ഇന്ത്യ 217, 170 ന്യൂസിലൻഡ് 249, 2-140.

രണ്ട് വിക്കറ്റിന് 64 റൺസെന്ന നിലയിൽ ബുധനാഴ്ച ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ബാറ്റിങ്ങിലെ നെടുംതൂണുകളായ വിരാട് കോഹ്‌ലിയെയും ചേതേശ്വർ പുജാരയെയും വേഗം നഷ്ടമായി. 13 റൺസെടുത്തുനിൽക്കേ കോഹ്‌ലിയെ വിക്കറ്റ് കീപ്പർ വാൽട്ടിങ്ങിന്റെ കൈകളിലെത്തിച്ച് കൈൽ ജാമിസണാണ് ആദ്യ പ്രഹരം നൽകിയത്.

ആദ്യ ഇന്നിങ്‌സിലും കോഹ്‌ലിയെ പുറത്താക്കിയത് ജാമിസണായിരുന്നു. രവീന്ദ്ര ജദേജ (16), ആർ.അശ്വിൻ (7), മുഹമ്മദ് ഷമി (13), ജസ്പ്രീത് ബുംറ (0) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ സ്‌കോറുകൾ. ആദ്യ ഇന്നിങ്‌സിൽ 217 റൺസിന് പുറത്തായ ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് 249 റൺസാണ് കുറിച്ചിരുന്നത്.