‘ട്രാക്കിലെ ഇതിഹാസം പറക്കും സിഖ് ഇനി ഓർമ്മ’; അത്‌ലറ്റിക് താരം മിൽഖാ സിംഗ് അന്തരിച്ചു

0
42

 

ഇന്ത്യൻ ഇതിഹാസ അത്‌ലറ്റിക് താരം മിൽഖാ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കൊവിഡ് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് വെള്ളിയാഴ്ച രാത്രി മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ പത്‌നിയും ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനുമായിരുന്ന നിർമൽ കൗർ അഞ്ച് ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് രോഗം മൂലം മരണമടഞ്ഞിരുന്നു.

കഴിഞ്ഞ മാസമാണ് മിൽഖയ്ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഓക്‌സിജൻ നില താഴ്ന്നതിനാൽ ജൂൺ മൂന്നാം തീയതി അദ്ദേഹത്തെ ചണ്ഡിഗറിലെ പിജിഐഎംഇആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഇതിനും നാല് ദിവസം മുമ്പ് മൊഹാലിയിലെ ഒരു ആശുപത്രിയിൽ നിന്നും കുടുംബത്തിന്റെ ആവശ്യപ്രകാരം അദ്ദേഹം വീട്ടിൽ മടങ്ങിയെത്തിയിരുന്നു.ശേഷം, മിൽഖയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോ. മോണാ സിംഗ്, അലീസ ഗ്രോവർ, സോണിയ സാൻവാക്ക, ജീവ് മിൽഖാ എന്നിവർ മക്കളാണ്. അറിയപ്പെടുന്ന ഗോൾഫ് പ്ലെയറാണ് ജീവ്.

400 മീറ്ററിൽ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ ഏക ഇന്ത്യൻ അത്‌ലറ്റാണ് മിൽഖാ. നാല് തവണ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. 1958ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‌ലീറ്റാണ് മിൽഖ. 1960ലെ റോം ഒളിമ്പിക്‌സിൽ 400 മീറ്റിലെ ഐതിഹാസിക പ്രകടനമാണ് മിൽഖയെ രാജ്യത്തിന്റെ ഹീറോയാക്കിയത്.

അന്നുമുതലാണ് പറക്കും സിഖ് എന്ന പേര് കിട്ടിയത്. 400 മീറ്ററിൽ സെക്കൻഡിന്റെ നൂറിൽ ഒരംശത്തിനാണ് വെങ്കല മെഡൽ നഷ്ടമായത്. നാലംസ്ഥാനത്ത് ഫിനിഷ് ചെയ്ത് സ്ഥാപിച്ച ദേശീയ റെക്കോഡ് 38വർഷം തകരാതെനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചിച്ചു.