ഇന്ധനവില വർധനവിനെതിരെ സംസ്ഥാനത്ത് വാഹനം റോഡിൽ നിർത്തിയിട്ട പ്രതിഷേധം

0
19

 

അനിരുദ്ധ്.പി.കെ

ഇന്ധനവില വർദ്ധനവ് ജനജീവിതം താറുമാറാക്കുകയാണ്. കോവിഡ് കാലത്ത് സാമ്പത്തികമായി ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് ഇന്ധന വില നൂറും കടന്നിരിക്കുന്നത്.

ജനങ്ങളെ ദ്രോഹിക്കുന്ന ഈ വിലക്കയറ്റത്തിനെതിരെ സംസ്ഥാനത്തെ സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളാണ് വാഹനം നിരത്തിലിട്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ജൂൺ 21 ന് വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ട 15 മിനിറ്റ് പ്രതിനിഷേധം നടത്താനാണ് തീരുമാനം. പൊതുജനങ്ങൾ പ്രതിഷേധത്തോട് സഹകരിക്കണമെന്ന് എളമരം കരീം വ്യക്തമാക്കി. ആംബുലൻസ് വാഹനങ്ങളെ പ്രതിഷേധത്തിൽ നിന്നും ഒഴിവാക്കിയതായും സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി കൂട്ടിച്ചേർത്തു.

”പെട്രോളിയം വില വർദ്ധന കൊള്ളക്കെതിരെ ജൂൺ 21ന് പകൽ 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടും. എല്ലാ സ്വകാര്യ വാഹനങ്ങളും ഈ പ്രക്ഷോഭത്തിൽ അണിചേരണമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭ്യർത്ഥിക്കുന്നു. ഓൺലൈനായി യോഗം ചേർന്ന ട്രേഡ് യൂണിയൻ സംസ്ഥാന സംയുക്ത യോഗത്തിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷം വഹിച്ചു.”

”എളമരം കരീം (സിഐടിയു) കെ പി രാജേന്ദ്രൻ(എഐടിയുസി) മനയത്ത് ചന്ദ്രൻ (എച്ച്എംഎസ്) അഡ്വ. എ റഹ്മത്തുള്ള (എസ്ടി യു)കെ രത്‌നകുമാർ (യുടിയുസി) സോണിയ ജോർജ്ജ് (സേവ) വി കെ സദാനന്ദൻ (എഐ യുടിയുസി) അഡ്വ. ടി ബി മിനി (ടിയുസി സി)കളത്തിൽ വിജയൻ (ടിയുസിഐ)കവടിയാർ ധർമ്മൻ (കെടിയുസി) വിവി രാജേന്ദ്രൻ (എഐസിടിയു) വി സുരേന്ദ്രൻ പിള്ള (ജെ എൽയു) കെ ചന്ദ്രശേഖരൻ (ഐഎൻഎൽസി)മനോജ് പെരുമ്പള്ളി (ജെ ടിയു) റോയി ഉമ്മൻ (കെ ടിയുസി (ജോസഫ്) എന്നിവർ പങ്കെടുത്തു.”

”പെട്രോൾ – ഡീസൽ വില ദിവസംതോറും വർധിക്കുകയാണ്. 2014ൽ മോദി അധികാരമേൽക്കുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 72. 26 രൂപയും, ഡീസലിന് 55.48 രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിലിന് ബാരലിന് 105.56 ഡോളറായിരുന്നു വില. 2021 ജൂൺ 1ന് ക്രൂഡ് ഓയിൽ വില ബാരലിന് 70.45 ഡോളറായി കുറഞ്ഞിട്ടും പെട്രോളിന് ലിറ്ററിന് 98 രൂപയും, ഡീസൽ ലിറ്ററിന് 88 രൂപയായും ഉയർന്നു. പാചകവാതകത്തിന്റെയും , മണ്ണെണ്ണയുടെയും വിലയും കുത്തനെ ഉയരുന്നു. അക്ഷരാർത്ഥത്തിൽ ജനജീവിതം ദുസ്സഹമായി മാറി.

2014 ൽ മോഡി നൽകിയ വാഗ്ദാനം, ബിജെപി അധികാരത്തിൽ വന്നാൽ പെട്രോൾ 50 രൂപയ്ക്കും ‘ ഡീസൽ 40 രൂപയ്ക്കും നൽകുമെന്നായിരുന്നു. കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്ന സർക്കാർ ജനങ്ങളെ പിഴിയുന്ന നയമാണ് സ്വീകരിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങൾ കഷ്ടപ്പെടുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ഈ പകൽകൊള്ള.

ഈ കടുത്ത ജനദ്രോഹ നയത്തിനെതിരെ നടത്തുന്ന പ്രതിഷേധ സമരം വമ്പിച്ച വിജയമാക്കാൻ എല്ലാ തൊഴിലാളികളോടും, ബഹുജനങ്ങളോടും അഭ്യർത്ഥിക്കുന്നു. ജൂൺ 21ന് പകൽ 11 മണിക്ക് വാഹനങ്ങൾ എവിടെയാണോ, അവിടെ നിർത്തിയിട്ട് ജീവനക്കാർ നിരത്തിലിറങ്ങി നിൽക്കും. ആംബുലൻസ് വാഹനങ്ങളെ ഈ സമരത്തിൽ നിന്നും ഒഴിവാക്കും.”