ബിജെപി നേതാക്കൾ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന് കെ സുന്ദരയുടെ മൊഴി

0
24

 

മഞ്ചേശ്വരത്തെ കോഴക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി.

ഷേണിയിലെ സുന്ദരയുടെ ബന്ധുവിന്റെ വീട്ടിൽ വച്ചാണ് മൊഴിയെടുപ്പ് നടന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

നേരത്തെ പൊലീസിന് നൽകിയ മൊഴിയിൽ പണം നൽകുന്നതിന് മുൻപ് ബിജെപി പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയെന്നും തടങ്കലിൽ വച്ചെന്നും സുന്ദര പറഞ്ഞിട്ടുണ്ട്.

ബി ജെ പി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപ്പോയെന്നുമുള്ള മൊഴി തന്നെയാണ് കെ.സുന്ദര ക്രൈംബ്രാഞ്ചിന് മുന്നിലും ആവർത്തിച്ചത്.

മഞ്ചേശ്വരത്തെ നാമിനിർദ്ദേശ പത്രിക പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരക്ക് കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.