ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി

0
66

 

ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ വീണ്ടും നീട്ടി. ജൂലായ് ആറുവരെ വിമാന സർവീസ് ഉണ്ടായിരിക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. നേരത്തെ ജൂൺ 30 വരെയായിരുന്നു വിമാനസർവീസ് വിലക്ക്.

അധികൃതരിൽ നിന്ന് ലഭിച്ച അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് എയർ ഇന്ത്യയുടെ ട്വീറ്റ്. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ വഴി യാത്ര ചെയ്തവർ(ട്രാൻസിറ്റ്)ക്കും വിലക്കു ബാധകമാണ്. അതേസമയം, ഇക്കാര്യത്തിൽ യുഎഇ സർക്കാർ ഔദ്യാഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

യാത്രാ വിലക്ക് ജൂൺ 30 വരെ നീട്ടിയെന്നായിരുന്നു എമിറേറ്റ്‌സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് പുറത്തുവിട്ട പുതിയ അറിയിപ്പിലാണ് ജൂലൈ ആറ് വരെ ഇന്ത്യയിൽ നിന്ന് സർവീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്. കഴിഞ്ഞ മാസം 25 നാണ് ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.

യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം.

അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസുകൾ തുടരും. അവധിക്ക് നാട്ടിലേക്ക് മടങ്ങിയവരും വിസാകാലാവധി അവസാനിക്കാറായവരുമാണ് വിലക്ക് നീട്ടിയതോടെ പ്രതിസന്ധിയിലായത്.