കോവിഡിൽ കൈയുറയ്ക്ക് ആവശ്യം കൂടി; ഷീറ്റിനെ മറികടന്ന് റബ്ബർപ്പാൽ വില

0
17

കോവിഡ് കാലത്തു കൈയുറകൾക്ക് ആവശ്യം കൂടിയതോടെ റബ്ബർപ്പാലിന്റെ (ലാറ്റക്സ്) വില ഷീറ്റിനെ മറികടന്നു മുന്നേറുന്നു. ലിറ്ററിന് 185 രൂപയ്ക്കുവരെ കച്ചവടം നടന്നു. ആർ.എസ്.എസ്. -4 ഇനം ഷീറ്റിന് 171- 172 രൂപയാണു വില.

കോവിഡ്, ലോക്ഡൗൺ, തുടരെയുള്ള മഴ എന്നിവ കാരണം റബ്ബറുത്പാദനം കുറഞ്ഞതാണ് ഡിമാൻഡ് കൂടാൻ മറ്റൊരു കാരണം. ഉത്പാദക കേന്ദ്രങ്ങളിൽനിന്ന് ഫാക്ടറികളിലേക്കുള്ള ചരക്കുനീക്കം നിലച്ചതും ദൗർലഭ്യത്തിനു കാരണമായി. ലോക്ഡൗൺ മുൻകൂട്ടിക്കണ്ട് ഉത്തരേന്ത്യയിലെ ചില കമ്പനികൾ വാങ്ങി സംഭരിച്ചതും വില കൂടാൻ സഹായിച്ചു.

ഷീറ്റടിക്കാതെതന്നെ കർഷകർക്ക് ലാറ്റക്സ് കൊടുക്കാമെന്നതാണ് ഗുണം. ഇടയ്ക്കൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ടെങ്കിലും ഇത്ര ചെറിയ കാലയളവിൽ ലാറ്റക്സിന് ഇതുപോലെ വിലകൂടുന്നത് പതിവുള്ളതല്ല.

ഒരു ലിറ്റർ ലാറ്റക്സിനു തുല്യമല്ല ഒരു കിലോ ഷീറ്റ്. ഏകദേശം 600 ഗ്രാം ഷീറ്റേ വരൂ. ലാറ്റക്സിലെ റബ്ബറിന്റെ അംശം (ഡി.ആർ.സി.) അനുസരിച്ച് ഇതിൽ മാറ്റം വരാം. കർഷകരിൽ നിന്നുവാങ്ങുന്ന ലാറ്റക്സ് വിപണിയിലേക്കു പോകുന്നത് രാസപ്രക്രിയകൾക്കുശേഷമുള്ള കോൺസെൻട്രേറ്റഡ് ലാറ്റക്സായാണ്. ഇതിൽ 60 ശതമാനമായിരിക്കും ഡി.ആർ.സി.

ഗർഭനിരോധന ഉറകൾ, കൈയുറകൾ തുടങ്ങി ലോലമായ വസ്തുക്കളുണ്ടാക്കാനാണ് ലാറ്റക്സ് ഉപയോഗിക്കുന്നത്. ആർ.പി.എസുകൾ (റബ്ബറുത്പാദക സംഘം) വഴിയാണ് കമ്പനികൾ ലാറ്റക്സ് വാങ്ങുന്നത്. ആർ.പി.എസുകളിൽത്തന്നെ ഡി.ആർ.സി. പരിശോധന നടക്കുമെന്ന് പാലാ ഐങ്കൊമ്പ് ആർ.പി.എസിലെ ബിന്നി പറഞ്ഞു. നടത്തിപ്പുചെലവ് ഈടാക്കിയശേഷമുള്ള തുകയാവും ആർ.പി.എസുകൾ കർഷകർക്കുനൽകുക.