ബിജെപി കുഴൽപ്പണക്കടത്ത്: ഉന്നത നേതാക്കളുടെ ഫോൺകോളുകൾ പരിശോധിക്കും, ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

0
30

 

തെരഞ്ഞെടുപ്പ് ഫണ്ട് എന്ന പേരിൽ കോടികളുടെ കുഴൽപ്പണം കടത്തുകയും പിന്നീട് വ്യാജ വാഹനാപകടമുണ്ടാക്കി മൂന്നര കോടി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ബിജെപിയുടെ ഉന്നത നേതാക്കളെ ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി കേരളത്തിലെ ചില ഉന്നത നേതാക്കളുടെ ഫോൺകോളുകൾ പരിശോധിക്കും.

കുഴൽപ്പണം കൊടുത്തുവിട്ടവരും മംഗളുരു വഴി കടത്തിയവരും ഈ നേതാക്കളുമായി ഫോൺ വഴി ബന്ധപ്പെട്ടിരുന്നു. തൃശൂർ എത്തിയശേഷം ഒരു സംസ്ഥാന ഭാരവാഹിയുമായി ഫോൺ വഴി അടിക്കടി സമ്പർക്കം പുലർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത നേതാക്കളെ ചോദ്യം ചെയ്യുന്നത്.

നേരത്തെ ചോദ്യം ചെയ്ത തൃശൂർ ജില്ലയിലെ നേതാക്കളെയും ഒപ്പം ഇരുത്തിയാകും ചോദ്യം ചെയ്യൽ. കേസിൽ അന്വേഷകസംഘത്തിന് നിരവധി ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതടക്കം നേരത്തെ അറസ്റ്റിലായവരുടെ മൊഴിയടക്കം ഉൾപ്പെടുത്തിയാകും പുതിയ നടപടി.

മൊബൈൽ റെക്കോർഡുകളും സിസിടിവി ദൃശ്യങ്ങളുമുൾപ്പെടെയാണ് ഇനിയുള്ള ചോദ്യം ചെയ്യൽ. ഇതുവരെ ചോദ്യം ചെയ്യലിന് വിധേയരായവർ കേരളത്തിലെ മൂന്ന് ഉന്നത നേതാക്കളെ രക്ഷിക്കാൻ ബോധപൂർവം ശ്രമിക്കുന്നതായി അന്വേഷകസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, കുഴൽപ്പണക്കടത്ത് വഴി തിരിച്ചുവിടാൻ രഹസ്യനീക്കവും ചില നേതാക്കൾ ആരംഭിച്ചിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തവരുടെ മൊഴി പരിശോധന തുടങ്ങി.

പണം കടത്താൻ ഇടനിലക്കാരായ ആർഎസ്എസ് പ്രവർത്തകൻ ധർമരാജ്, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരുടെ മൊഴികളാണ് പരിശോധിക്കുന്നത്. കവർച്ചയ്‌ക്ക് തൊട്ടു മുമ്പും സമീപ ദിവസങ്ങളിലുമായി നേതാക്കൾ തമ്മിൽ ബന്ധപ്പെട്ടിരുന്നതും ധർമരാജനുമായി ബന്ധപ്പെട്ടിരുന്നതിന്റെയും തെളിവുകൾ അന്വേഷകസംഘത്തിന് ലഭിച്ചു.