ഉത്തർപ്രദേശിലെ വ്യാജമദ്യദുരന്തം: മരണം 15 ആയി, 16 പേരുടെ നില അതീവ ഗുരുതരം

0
33

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജ മദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം 15 ആയി. 16 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ​മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ പറഞ്ഞു. കര്‍സിയയിലെ ഒരു ബാറിൽ നിന്നും വാങ്ങിയ തദ്ദേശ നിര്‍മിത മദ്യം കഴിച്ചതാണ് മരണകാരണം. സംഭവത്തില്‍ ബാറുടമയുള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ബാര്‍ ഉടമയേയും സഹായികളെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
കർസിയയിൽ അഞ്ചുപേർ വ്യാജമദ്യം കഴിച്ച് മരിച്ചെവെന്ന വിവരമറിഞ്ഞ് പൊലീസും മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയപ്പോഴാണ് കൂടുതൽ പേർ ദുരണത്തത്തിനിരയായെന്ന് കണ്ടെത്തിയത്. ട്രക്ക് ഡ്രൈവര്‍മാരാണ് മരിച്ചതെന്ന് ഡിഐജി ദീപക് കുമാര്‍ പറഞ്ഞു. അലിഗഡ്-തപാല്‍ ഹൈവേയിലെ ഗ്യാസ് ഡിപ്പോയില്‍ ജോലിക്കായി എത്തിയ ട്രാക്ക് ഡ്രൈവർമാരും സമീപത്തെ ഗ്രാമവാസികളുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഗുരുതരാവസ്ഥയിലുള്ള 16 പേരെയും പിന്നീട് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഡീഷ്യല്‍ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി ജില്ലാ മജിസ്ട്രേറ്റ് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജമദ്യം വിറ്റ ബാര്‍ അടച്ചുപൂട്ടി. ഇവിടെനിന്നുള്ള സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ശനിയാഴ്ച രാവിലെ ഏതാനും ചിലരെ ദേഹാസ്വസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.