യാസ് ചുഴലിക്കാറ്റ്; കേരളത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട്

0
22

യാസ് ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ കനത്ത മഴ. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വയനാടും മലപ്പുറവും കാസർകോടും ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതോടെ ഇടുക്കി കല്ലാർകുറ്റി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട ജില്ലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. മലയോരമേഖലയിൽ ശക്തമായ മഴ തുടരുകയാണ്. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായാണ് സംശയം

പമ്പയിലും അച്ചൻ കോവിലാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലപ്പുറത്ത് കോൾനിലങ്ങളിൽ വലിയ കൃഷിനാശം ഉണ്ടായി. തിരുവനന്തപുരത്ത് കനത്തമഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. കണ്ണമ്മൂലയിലാണ് സംഭവം നടന്നത്.