വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നു: വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര മുന്നറിയിപ്പ്

0
31

 

കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്.

സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ സർട്ടിഫിക്കറ്റുകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യരുതെന്നും അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൈബർ സുരക്ഷ ബോധവത്കരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി.

കോവിഡ് വാക്‌സിൻ സ്വീകരിച്ചാലാണ് പേരും വിവരങ്ങളുമടങ്ങുന്ന സർട്ടിഫിക്കറ്റ് സർക്കാർ നിങ്ങൾക്ക് അനുവദിക്കുന്നത്. വാക്‌സിൻ സ്വീകരിച്ച തീയതി, സമയം, വാക്‌സിൻ നൽകിയ ആളുടെ പേര്, വാക്‌സിൻ സ്വീകരിച്ച സെന്റർ, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി, എന്നിവയ്ക്ക് പുറമേ ആധാർ കാർഡിന്റെ അവസാന നാല് അക്കങ്ങളും സർട്ടിഫിക്കറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടാവും. ആദ്യ ഡോസിന് ശേഷം ലഭിക്കുന്നത് പ്രൊവിഷണൽ സർട്ടിഫിക്കറ്റാണ്. രണ്ട് ഡോസും സ്വീകരിച്ചതിനു ശേഷമാവും ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കുക.