‘എന്റെ രമേശ് ജി അങ്ങേക്ക് ഈ ഗതി വന്നല്ലോ’; ചെന്നിത്തലയെ തിരികെ കൊണ്ടുവരാന്‍ സമൂഹമാധ്യമങ്ങളിൽ മുറവിളി

0
50

രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നും പറപ്പിച്ച കോൺഗ്രസ് ഹൈക്കമാന്റിനെതിരെ ഐ ഗ്രൂപ്പും പ്രവർത്തകരും. ഉമ്മൻചാണ്ടിയെ പോലുള്ള നേതാക്കൾ കഴിഞ്ഞ കാലങ്ങളിൽ ബോധപൂർവം മാറിനിന്നപ്പോൾ പ്രതിപക്ഷത്തെ നിലനിർത്തിയ ചെന്നിത്തലയെ ഒതുക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കാട്ടി പ്രവർത്തകർ രംഗത്തുവന്നു. വി ഡി സതീശനെ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്തതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചതോടെ സോഷ്യല്‍ മീഡിയകളില്‍ രമേശ് ചെന്നിത്തലയ്ക്കായി മുറവിളി. ചെന്നിത്തലയെ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് #bringbackourRC എന്ന ഹാഷ്ടാഗ് ഫേസ്ബുക്കില്‍ തുടങ്ങി. കോൺഗ്രസ് സൈബർ വിങ്ങുകളാണ് ഈ ക്യാമ്പയിനുപിന്നിൽ.

രമേശ് ചെന്നിത്തല തന്നെ വീണ്ടും പ്രതിപക്ഷ നേതാവ് ആകണമായിരുന്നുവെന്ന് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. എല്‍ഡിഎഫിനു തടര്‍ഭരണം കിട്ടിയപ്പോള്‍ പിണറായി വിജയന്‍ തന്നെ വീണ്ടും മുഖ്യമന്ത്രി ആയത് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് അനുഭാവികളുടെ പ്രതിഷേധം. നാണമില്ലേ കോണ്‍ഗ്രസ്സ് ചെന്നിത്തലയെ മുന്‍നിര്‍ത്തി ഇലക്ഷനില്‍ പ്രതിപക്ഷത്ത് വന്നിട്ട് ഇപ്പൊ തലമുറ മാറ്റം എന്ന പേരില്‍ അകറ്റി നിര്‍ത്താന്‍… എന്നാലും എന്റെ രമേശ് ജി അങ്ങേക്ക് ഈ ഗതി വന്നല്ലോ..’ – എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടത്.

പാര്‍ട്ടി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ചെന്നിത്തലക്ക് വീണ്ടും അവസരം നല്‍കണമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചില ദേശീയ നേതാക്കള്‍ സോണിയഗാന്ധിയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതു മുതല്‍ തലമുറ മാറ്റത്തിനായി രാഹുല്‍​ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.