ആഞ്ഞടിച്ച് ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തിൽ വൻ നാശനഷ്ടങ്ങൾ,മഹാരാഷ്‌ട്രയിൽ 6 മരണം

0
32

 

അറബിക്കടലിൽ രൂപം കൊണ്ട് ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഉണ്ടായ കനത്തമഴയിലും കാറ്റിലും ഗുജറാത്ത് തീരത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മണിക്കൂറിൽ 165-175 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കുന്ന ചുഴലിക്കാറ്റ് പൂർണ്ണമായും തീരം കടന്ന് കരയിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കാലവസ്ഥാ നീരീക്ഷണ വകുപ്പ് പുലർച്ചെ 1.27 ഓടെ പുറപ്പെടുവിച്ച് അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ ആറ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വീടുകൾ തകർന്നു. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് വിമാനത്താവളങ്ങൾ അടച്ചു. ചൊവ്വാഴ്ച രാവിലെവരെ കടൽ പ്രക്ഷുബ്ധമായി തുടരും.

ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും മൊബൈൽ ഫോൺ നെറ്റ് വർക്കും തടസ്സപ്പെട്ടു. കനത്ത മഴയും തുടരുകയാണ്. മുൻകരുതലിന്റെ ഭാഗമായി ആശുപത്രിയിൽനിന്നുള്ള കോവിഡ് രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു.

പുലർച്ചെ 12.40 ന്, അതിതീവ്ര ചുഴലിക്കാറ്റ് ചുഴലിക്കാറ്റായി ദുർബലപ്പെടുകയും ഡിയുവിൽ നിന്ന് 30 കിലോമീറ്റർ വടക്കുകിഴക്കായി സൗരാഷ്ട്ര മേഖലയെ കേന്ദ്രീകരിക്കുകയും ചെയ്തുവെന്ന് കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. നിലവിൽ ഏറ്റവും ഉയർന്ന വേഗത 150-160 കിലോമീറ്റർ ആണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

മഹാരാഷ്‌ട്രയിൽ മഴയിലും കാറ്റിലും വ്യത്യസ്‌ത സംഭവങ്ങളിലായി ആറ്‌ മരണം. റായ്ഗഡ് ജില്ലയിൽ മൂന്നുപേരും സിന്ധുദുർഗ്‌ ജില്ലയിൽ രണ്ടുപേരും മരിച്ചു. നവി മുംബൈയിൽ മരം വീണുണ്ടായ അപകടത്തിലാണ്‌ ഒരാൾ മരിച്ചത്‌.

മുംബൈയിൽ വ്യോമ–-റെയിൽ ഗതാഗതം നിർത്തിവച്ചു. മുംബൈ വിമാനത്താവളത്തിൽ 22 സർവീസ്‌ റദ്ദാക്കി. ചുഴലിക്കാറ്റിനെ തുടർന്ന്‌ കർണാടകയിലുണ്ടായ മരണം എട്ടായി. 121 ഗ്രാമത്തെ ബാധിച്ചു. ദക്ഷിണ കന്നഡ, ബെലഗാവി, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, ശിവമോഗ എന്നിവിടങ്ങളിലാണ്‌ മരണങ്ങൾ.