സംസ്ഥാനത്ത് ഒഡീഷയിൽ നിന്നുമെത്തിയ ഓക്‌സിജൻ വിവിധ ജില്ലകളിലേക്ക്

0
27

 

ഒഡീഷയിൽ നിന്നും സംസ്ഥാനത്ത് എത്തിയ മെഡിക്കൽ ഓക്‌സിജൻ വിവിധ ജില്ലകളിലേക്ക് നൽകി തുടങ്ങി. എട്ട് ടാങ്കറുകൾ ആണ് ഇന്ന് രാവിലെ ലോഡിംഗ് പൂർത്തിയാക്കി പുറപ്പെട്ടിരിക്കുന്നത്.

കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള മെഡിക്കൽ കോളജുകളിലെക്കാണ് മെഡിക്കൽ ഓക്‌സിജൻ ടാങ്കുകൾ പുറപ്പെട്ടത്. കൊച്ചി വല്ലാർപാടത്ത് ഇന്നലെയാണ് മെഡിക്കൽ ഓക്‌സിജൻ എത്തിയത്.

ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് ആദ്യമായാണ് ഇന്നലെ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ എത്തിയത്. കേന്ദ്ര സർക്കാർ അനുവദിച്ച 118 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ ആണെത്തിയത്.

ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഒഡീഷ സർക്കാർ സഹായിച്ചത് 13 സംസ്ഥാനങ്ങളെയാണ്. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടൺ ഓക്സിജനാണ് 13 സംസ്ഥാനങ്ങൾക്കായി നൽകിയത്. 24 ദിവസം കൊണ്ടാണ് ഒഡീഷ പൊലീസിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തിയാക്കിയത്.

കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, കർണാടക, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കാണ് ഒഡീഷ ഓക്സിജൻ നൽകിയത്.