മഴക്കെടുതിയില്‍ രണ്ട് മരണം; ദുരിതം വിതച്ച്‌ തീരമേഖലയില്‍ കടലാക്രമണം

0
34

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിന്യൂനമർദമായി മാറിയോടെ സംസ്‌ഥാനത്ത്‌ 5 ജില്ലകളിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. മൂന്ന് ദിവസമായി കേരളത്തിൽ മഴ തകർത്തുപെയ്യുകയാണ്. പലയിടങ്ങളിലും കടലാക്രമണം അതിശക്തമായി. തീരമേഖലകളിൽ കടൽക്ഷോഭത്തിൽ നൂറ് കണക്കിന് വീടുകൾ തകന്നു. മഴക്കെടുതിയിൽ രണ്ടുപേർ മരിച്ചു. കോഴിക്കോട് ഒഴുക്കിൽപ്പെട്ട് ഒരു യുവാവ് മരിച്ചു. ചെല്ലാനത്ത് വെള്ളക്കെട്ടിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്‌ കാലാവസ്‌ഥാ നീരീക്ഷണ വകുപ്പ്‌ റെഡ്‌അല്ർട്ട്‌ പ്രഖ്യാപിച്ചത്‌. മെയ്‌ 16 വരെ മറ്റ്‌ ജില്ലകളിലും അതിതീവ്രമഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ അതിശകതമായ കടലാക്രമണം ഉണ്ടായി. രാത്രി വൈകിയും കടലാക്രമണം അതിരൂക്ഷമാണ്. ഇതുവരെയായി നൂറിലേറെ വീടുകൾ തകർന്നു. പലയിടങ്ങളിലും വെള്ളം കയറി. പറവൂർ, അഴീക്കൽ, തുമ്പോളി, പള്ളിത്തുറയിൽ അതിശക്തമാണിപ്പോൾ കടലാക്രമണം. പല നഗരങ്ങളും വെള്ളക്കെട്ടിന്റെ അടിയിലായി. വിവിധ ജില്ലകളിൽ ഇതിനകം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അതിന്യൂനമർദം അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്‌.

ഞായറാഴ്ചയോടെ അതിന്യൂനമർദം ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ഒരു അതിതീവ്ര ന്യൂനമർദമായി (Deep Depression) മാറുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ചുഴലിക്കാറ്റായി (Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. പക്ഷേ ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മെയ് 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ജില്ലകളിൽ 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇറക്കിയ മുന്നറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്തെ തീരമേഖലകളിൽ മഴയും കടലാക്രമണവും തുടരുകയാണ്. ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ കേരളത്തീരത്തുനിന്ന്‌ മത്സ്യബന്ധനത്തിന്‌ കടലിൽ പോകുന്നത്‌ വിലക്കിയിട്ടുണ്ട്‌. ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ നാലു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി താലൂക്കിൽ മൂന്നും കണയന്നൂർ താലൂക്കിൽ ഒരു ക്യാമ്പുമാണ് തുറന്നത്. മഴ കനത്ത സാഹചര്യത്തിൽ കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കെടുതി മറികടക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു.