കിഴക്കമ്പലത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്നു: ട്വന്റി 20 അനങ്ങുന്നില്ല , ജനകീയസമിതി ഡിസിസി തുടങ്ങും

0
33

കോവിഡ് വ്യാപനം അതിതീവ്രമായ കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി 20 ഭരണസമിതി നടപടി സ്വീകരിക്കാത്തതിനാൽ ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങാൻ സർവകക്ഷിയോഗം തീരുമാനിച്ചു. എഫ്എൽടിസിപോലുമില്ലാത്ത പഞ്ചായത്തിൽ കഴിഞ്ഞദിവസം കോവിഡ്‌ രോഗി തൊഴുത്തിൽ മരിച്ചതോടെയാണ്‌ കൊവിഡ് പ്രതിരോധ ജനകീയസമിതിയുടെ നേതൃത്വത്തിൽ 50 കിടക്കകളുള്ള ഡിസിസി തുടങ്ങാൻ തീരുമാനിച്ചത്‌.

നിയുക്ത എംഎൽഎ അഡ്വ. പി വി ശ്രീനിജിൻ രക്ഷാധികാരിയും എം പി രാജൻ ചെയർമാനും കെ വി ഏലിയാസ് കൺവീനറുമായി രൂപീകരിച്ച ജനകീയസമിതി ഡിസിസി തുടങ്ങാൻ സ്ഥലം കണ്ടെത്തി.

വാർഡുതല ജാഗ്രതാസമിതികൾ ശക്തമാക്കാനും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു. പി വി ശ്രീനിജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വീട്ടുകാർക്ക് കോവിഡ് പകരാതിരിക്കാൻ വീട്ടിലെ തൊഴുത്തിൽ കഴിഞ്ഞ കിഴക്കമ്പലം പഞ്ചായത്തിലെ ഒന്നാംവാർഡിൽ മാന്താട്ടിൽ സാബു (38) മരിച്ചതോടെയാണ്‌ പഞ്ചായത്തിന്റെ കോവിഡ്‌ പ്രതിരോധ പാളിച്ച ചർച്ചയായത്‌.

കോവിഡ് ചികിത്സാകേന്ദ്രം ആരംഭിക്കാത്ത പഞ്ചായത്തിന്റെ അനാസ്ഥയുടെ രക്തസാക്ഷിയാണ് സാബു. ആവശ്യമായ ചികിത്സ കിട്ടാതെ, ആരും തിരിഞ്ഞുനോക്കാതെ, ദിവസങ്ങളോളമാണ് അദ്ദേഹം തൊഴുത്തിൽ കഴിഞ്ഞത്. വിവരമറിഞ്ഞെത്തിയ രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ അദ്ദേഹത്തെ തൃപ്പൂണിത്തുറ എഫ്ൽടിസിയിലും പിന്നീട് അമൃത ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കടുത്ത ന്യുമോണിയ ബാധിച്ചാണ് സാബു മരിച്ചത്.

വാർഡുതല ജാഗ്രതാസമിതിയാണ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റുകൂടിയായ ആശാവർക്കർ മിനി രതീഷ് ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. മരിച്ച സാബുവിന്റെ തൊട്ടടുത്ത വീടാണ് പ്രസിഡന്റിന്റെ ഭർത്താവിന്റേത്‌.

പ്രസിഡന്റ് പഞ്ചായത്തിലേക്ക് ഔദ്യോഗിക വാഹനത്തിൽ പോകുന്നത് ഈ വീടിന്റെ മുന്നിലൂടെയാണ്. അവർ യഥാസമയം വേണ്ട ഇടപെടൽ നടത്തിയിരുന്നെങ്കിൽ സാബുവിന്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന്‌ അയൽവാസികൾ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ പ്രസിഡന്റ് ആശാവർക്കറുടെ ചുമതലയൊഴിഞ്ഞു. പകരം മറ്റൊരാൾക്ക് ചുമതല നൽകി.

കോവിഡ് ബാധിതരുടെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഗുരുതരാമായ വീഴ്ചവരുത്തിയ പഞ്ചായത്ത് ഭരണസമിതി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ സമരം നടത്തിയിരുന്നു.

സാബുവിന്റെ മരണത്തിനുത്തരവാദിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി വി കെ സക്കീർ തടിയിട്ടപറമ്പ് പൊലീസിൽ പരാതി നൽകി. മനുഷ്യാവകാശ കമീഷന് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ജില്ലാ കലക്ടറെ അന്വേഷിക്കാൻ ചുമതലപ്പെടുത്തി.