ബംഗാളിലെ ബിജെപി എംഎൽഎമാർക്ക് കേന്ദ്ര സായുധസേനയുടെ സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0
40

 

പശ്ചിമ ബംഗാളിലെ നിയുക്ത ബിജെപി എംഎൽഎമാർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. 77 ബിജെപി എംഎൽഎമാർക്ക് സുരക്ഷാഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സായുധസേന സുരക്ഷ ഏർപ്പെടുത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

61 പേർക്ക് എക്‌സ് കാറ്റഗറി സുരക്ഷയായിരിക്കും നൽകുക. ബാക്കിയുള്ളവർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന വൈ കാറ്റഗറി സുരക്ഷയായിരിക്കും ഏർപ്പെടുത്തുക. പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും നൽകും.

സായുധ സേനകളായ സിഐഎസ്എഫും സിആർപിഎഫുമാണ് സുരക്ഷയൊരുക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സിആർപിഎഫിന്റെയും സിഐഎസ്‌എഫിന്റെയും സായുധരായ കമാൻഡോകൾ സുരക്ഷയൊരുക്കുമെന്ന് അവർ അറിയിച്ചു. കേന്ദ്രസുരക്ഷാ ഏജൻസികൾ തയ്യാറാക്കിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടിയെന്നാണ് വിശദീകരണം.

ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം നടക്കുന്നുണ്ടെന്ന് കേന്ദ്ര സുരക്ഷാ ഏജൻസികളും ഉന്നത ഉദ്യോഗസ്ഥ സംഘവും തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ വലിയ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇരുപതോളം പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ, ഈ അതിക്രമങ്ങൾക്കും കൊള്ളിവെപ്പിനുമെല്ലാം പിന്നിൽ ബിജെപിക്കാരായിരുന്നു. ഇതിനുപുറമെ തൃണമൂൽ കോൺഗ്രസും അക്രമങ്ങൾ അഴിച്ചിവിട്ടു. ബംഗാളിൽ പരക്കെ ഇടതുമുന്നണി പ്രവർത്തകരെയും പ്രത്യേകിച്ച് സിപിഐ എം പ്രവർത്തകരെയും ഇരു പാർട്ടിക്കാരും ചേർന്ന് നിരന്തരം ആക്രമിക്കുകയാണ്.

ഇതിനകം നിരവധി സിപിഐ എം പ്രവർത്തകരാണ് ബിജെപി-തൃണമൂൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ബംഗാളിലെ ഹിന്ദുക്കളയെല്ലാം ഒരു വിഭാഗം പാർട്ടിക്കാരും മുസ്ലിങ്ങളും ചേർന്ന് ആക്രമിക്കുകയാണെന്ന വ്യാജപ്രചാരണമാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായി ബിജെപി പുറത്തുവിടുന്ന പല ചിത്രങ്ങളും വ്യാജമാണെന്ന റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു.