കോവിഡ്: ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്നിന് അടിയന്തര ഉപയോഗത്തിന് അനുമതി

0
31

കോവിഡിനെ നേരിടാന്‍ ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് മരുന്നിന് അനുമതി നല്‍കിയത്. ഡിആര്‍ഡിഒയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ച് വികസിപ്പിച്ച 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡി.ജി) എന്ന മരുന്നിനാണ് അംഗീകാരം ലഭിച്ചതെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ മരുന്ന് കൊവിഡ് രോഗികള്‍ക്ക് മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കുന്നില്ലെന്ന് കണ്ടെത്തി. ഈ മരുന്ന് പൊടി രൂപത്തിലാണ്. വെള്ളത്തില്‍ ലയിപ്പിച്ചാണ് മരുന്ന് കഴിക്കേണ്ടത്. ഇത് വൈറസ് ബാധിച്ച കോശങ്ങളില്‍ അടിഞ്ഞു കൂടി വൈറസിന്റെ വളര്‍ച്ചയെ തടയുകയാണ് ചെയ്യുന്നതെന്ന് ഡിആർഡിഒ പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറഞ്ഞു. രോഗികള്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കൂടുതല്‍ വേഗത്തില്‍ രോഗമുക്തി നേടാനും മരുന്ന് സഹായിക്കുമെന്നാണ് ക്ലിനിക്കല്‍ പരിശോധനാ ഫലങ്ങള്‍ തെളിയിക്കുന്നത്. മരുന്ന് നല്‍കിയ വലിയൊരു ശതമാനം കൊവിഡ് രോഗികളും പരിശോധനയില്‍ കൊവിഡ് നെഗറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് രോഗികളില്‍ സുരക്ഷിതമാണെന്നും രോഗമുക്തിയില്‍ ഗണ്യമായ പുരോഗതി കാണിക്കുന്നുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ മെയ് മുതല്‍ ഓക്ടോബര്‍ വരെയുള്ള മാസങ്ങളിലായിരുന്നു രണ്ടാംഘട്ട പരീക്ഷണം. 110 പേരിൽ നടത്തിയ പരീക്ഷണത്തിൽ കോവിഡ് രോഗികളിൽ അതിവേഗ രോഗമുക്തി പ്രകടമായി. രാജ്യത്തെ 11 ആശുപത്രികളിൽ ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ മൂന്നാംഘട്ട പരീക്ഷണവും നടത്തിയാണ് മരുന്നിന് അനുമതി നൽകിയത്