ബിജെപി ജഡമായി, വിവരമുള്ള നേതാക്കളില്ല; തുറന്നടിച്ച് ആർഎസ്‌എസ്‌ നേതാവ്

0
18

സംസ്ഥാനത്ത്‌ ബിജെപി ജഡമായെന്നും രാഷ്ട്രീയ വിദ്യാഭ്യാസവും ബോധ്യവുമില്ലാത്ത നേതാക്കളാണ്‌ ഇവിടെയുള്ളതെന്നും ആർഎസ്എസ് സംസ്ഥാന മുൻ ബൗദ്ധിക് പ്രമുഖ് ടി ആർ സോമശേഖരൻ. ജനതാൽപ്പര്യമല്ല ആചാരസംരക്ഷണമാണ്‌ നേതാക്കൾക്ക്‌ പ്രധാനമെന്നും സോമശേഖരൻ വിമർശിച്ചു. ഫേസ് ബുക്ക് കുറിപ്പിലാണ് ഭാരതീയ വിചാരകേന്ദ്ര മുൻ സെക്രട്ടറി കൂടിയായ സോമശേഖരൻ ബിജെപി നേതൃത്വത്തിനെതിരേ തുറന്നടിച്ചത്‌.

‘‘ബിജെപി ഈ തെരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല, കാരണം, ബിജെപി മത്സരിച്ചിട്ടില്ല. പാർടിയെന്നാൽ നേതാക്കന്മാരും അണികളും മാത്രമല്ല. ഇവ രണ്ടും ശരീരം മാത്രമാണ്‌. അതിന്‌ ആത്മാവുണ്ട്‌ . ആശയാദർശങ്ങൾ, നയങ്ങൾ, പരിപാടി, ഭരണനേട്ടങ്ങൾ ഇവയെല്ലാമുൾപ്പെടുന്ന പാർടിജീവിതം രംഗത്തു വന്നിട്ടില്ല. കേരളത്തിന്റെ വികസനത്തിന്‌ എന്താണു പദ്ധതി, കഴിഞ്ഞ അഞ്ചു വർഷത്തെ കേരള ഭരണത്തിന്റെ ദോഷങ്ങളെന്തൊക്കെ – ഇത്തരം വിഷയങ്ങൾ ജനങ്ങളുടെ ചിന്താവിഷയമാക്കാൻ ശ്രമമുണ്ടായില്ല. ജീവിതഗന്ധിയായ രാഷ്ട്രീയത്തിനേ വോട്ടു കിട്ടൂ. ഇവിടെ തെരഞ്ഞെടുപ്പിനിറങ്ങിയതു പാർടിയായിരുന്നില്ല. പാർടിക്കാരുടെ മതമായിരുന്നു. ആ മതമാണ്‌ തോറ്റത്‌ . ജനതാൽപ്പര്യ സംരക്ഷണമായിരുന്നില്ല ലക്ഷ്യമായി പ്രചരിപ്പിച്ചത്‌, ആചാരസംരക്ഷണമായിരുന്നു. ജനക്ഷേമകരമായ ഭരണത്തിലേക്ക്‌ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷക്കു വക നൽകുന്ന ഒന്നും പ്രചാരണത്തിലുണ്ടായില്ല. കേരളത്തിൽ ബിജെപി വളരണമെങ്കിൽ ഉന്നത നേതാവുമുതൽ താഴെയുള്ള പ്രവർത്തകനുവരെ വിശദമായ രാഷ്ടീയ വിദ്യാഭ്യാസം കൊടുക്കണം. ഇവിടെ വിദ്യ കിട്ടേണ്ടവരേയുള്ളൂ, കൊടുക്കാൻ പ്രാപ്‌തിയുള്ളവരില്ലെന്നും സോമശേഖരൻ ഫേസ്‌ബുക്കിൽ കുറിച്ചു. കേരള ബിജെപിയിൽ വിവരമുള്ള നേതാക്കൾ ഇല്ലെന്ന്‌ കുറ്റപ്പെടുത്തിയ സോമശേഖരൻ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ബിജെപി ചർച്ച ചെയ്തില്ലെന്നും ആചാര സംരക്ഷണം മാത്രം പ്രചരിപ്പിച്ചാൽ വോട്ട് കിട്ടില്ലെന്നും വ്യക്തമാക്കി.

അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ‘സൂപ്പർ പ്രസിഡന്റ്‌’ മുതൽ മുഴുവൻ നേതാക്കളും രാജിവെക്കണമെന്ന്‌ എറണാകുളം ജില്ലാ ആർഎസ്‌എസ്‌ പ്രചാരകായിരുന്ന പി പുരുഷോത്തമൻ
(പുരുഷു പി ദേവരാഗം) ആവശ്യപ്പെട്ടു. മുരളീധരൻ സൂപ്പർ പ്രസിഡന്റും സുരേന്ദ്രൻ പ്രസിഡന്റും താഴേക്കുള്ളവർ ശിങ്കിടികളുമായുള്ള സ്ഥിതി മാറണം. കോർകമ്മിറ്റി അന്വേഷിച്ച്‌ തോൽവിയുടെ ഉത്തരവാദിത്തം നേതാക്കൾക്കല്ല എന്ന്‌ കണ്ടെത്തുന്ന സ്ഥിരം കലാപരിപാടി നിർത്തണം–- പുരുഷോത്തമൻ ഫേസ്‌ബുക്ക്‌ കുറിപ്പിൽ ആവശ്യപ്പെട്ടു. നേരത്തെ പി പി മുകുന്ദൻ അടക്കമുള്ള മുതിര്ന്ന നേതാക്കൾ ബിജെപി നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു.