കോവിഡിനെ തുരത്താൻ ഗുജറാത്തിൽ “പ്രത്യേക പ്രാർത്ഥന”, മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയത് ആയിരങ്ങൾ, 23 പേർ അറസ്റ്റിൽ

0
31

 

കോവിഡിനെ തുരത്താൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാനമായ ഗുജറാത്തിൽ “പ്രത്യേക പ്രാർത്ഥന”. കോവിഡ് ദൈവകോപമാണെന്നും തുരത്താൻ പ്രത്യേക പൂജ ആവശ്യമാണെന്നും പുരോഹിതൻ പറഞ്ഞതോടെ മാനദണ്ഡങ്ങൾ ലംഘിച്ച് ആയിരക്കണക്കിനുപേർ തടിച്ചുകൂടി. ഗുജറാത്തിലെ സനന്ദ് നഗറിലാണ് പ്രത്യേക പ്രാർത്ഥന.

ബലിയദേവ് ക്ഷേത്രത്തിൽ വെള്ളം അർപ്പിക്കാൻ ആയിരക്കണക്കിന് സ്ത്രീകൾ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോവിഡ് വ്യാപനത്തിൻറെ കാരണം ദേവകോപമാണെന്ന പ്രാദേശിക പുരോഹിതൻ പറഞ്ഞതിനെ തുടർന്നാണ് പൂജ നടത്തിയത്. പുരോഹിതൻ പറഞ്ഞതിനുസരിച്ച്‌ ആയിക്കണക്കിന് ആളുകളെ അണിനിരത്തി കോവിഡ് ഇല്ലാതാക്കാൻ പൂജയും നടത്തിയെന്നും ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.

പൂജ നടത്തി വെള്ളം അർപ്പിച്ച സ്ത്രീകൾ സനന്ദ് താലൂക്കിലെ നവപുര, നിധാരദ ഗ്രാമങ്ങളിലാണ് ഒത്തുകൂടിയത്. സ്ഥലത്ത് ഡിജെ സംഗീതവും ഒരുക്കിയിരുന്നു. ആഘോഷത്തിൽ പങ്കെടുത്തവർ മാസ്ക് ധരിച്ചിരുന്നില്ല. സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചു. സംഭവം വിവാദമായതോടെ പോലീസ് സ്ഥലത്തെത്തി. ഗ്രാമത്തിലെ സർപഞ്ച് ഉൾപ്പെടെ 23 പേരെ അറസ്റ്റ് ചെയ്തു.

ക്ഷേത്ര ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെ നടപടിയെടുത്തതായി അഹമ്മദാബാദ് റൂറൽ ഡിഎസ്പി കെ.ടി.കാമരിയ പറഞ്ഞു. ഡിജെ നടത്തിയയാൾക്കെതിരെയും ആഘോഷത്തിന്റെ സംഘാടകനെതിരെയും കേസെടുത്തു.