കേരളത്തിലെ ബിജെപിയുടെ തോൽ‌വി: അതൃപ്തി അറിയിച്ച് പാർട്ടി കേന്ദ്ര നേതൃത്വം

0
30

 

സംസ്ഥാന നിയസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനത്തിൽ അതൃപ്തി അറിയിച്ച് പാർട്ടി കേന്ദ്ര നേതൃത്വം. പരാജയത്തിൻ്റെ കാരണങ്ങൾ പ്രവർത്തകരെ ബോധ്യപ്പെടുത്തണം. ഇല്ലെങ്കിൽ അവരുടെ മനോവീര്യം തകരുമെന്നും കോർ കമ്മിറ്റി യോഗത്തിൽ ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സുരേന്ദ്രൻ രംഗത്തെത്തി. ഇതിനിടെ, സംസ്ഥാന നേതൃത്വത്തിനെതിരെ ഇന്നും നിരവധി നേതാക്കൾ രൂക്ഷ വിമർശനമുന്നയിച്ചു.

ദക്ഷിണേന്ത്യയിൽ നിയമസഭാംഗങ്ങൾ ഇല്ലാത്ത ഏക സംസ്ഥാനമായി കേരളം മാറിയതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്‌. പരാജയത്തിൻ്റെ കാരണങ്ങൾ പ്രവർത്തകരെ ബോധ്യപ്പെടുത്തണമെന്നും അവരുടെ മനോവീര്യം തകരരുതെന്നും കോർ കമ്മിറ്റി യോഗത്തിൽ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബിഎൽ സന്തോഷ് ചൂണ്ടിക്കാട്ടി.

കെ സുരേന്ദ്രന്റെ രണ്ടിടത്തെ മത്സരവും, ഹെലികോപ്റ്റർ യാത്രയും, നാമനിർദ്ദേശക പത്രിക തള്ളിയതുമൊക്കെ വിമർശന വിധേയമായി. ഇതിനിടെ ബിജെപി ഔദ്യോഗിക വിഭാഗത്തിനെതിരെ വിമർശനവുമായി നിരവധി നേതാക്കൾ ഇന്നും രംഗത്തു വന്നു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം തനിക്ക് തന്നെയെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും പരാജയ കാരണം കണ്ടെത്തി തിരുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ബി ജെ പി ഏറെ പ്രതീക്ഷ വെച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് ലഭിച്ചത്. കേരളത്തിൽ ആകെ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ട ബി ജെ പി നിലംപരിശായി. ഇതോടെയാണ് നേതാക്കളും, പ്രവർത്തകരും നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടെന്നും പ്രവർത്തകരെല്ലാം നിരാശരാണെന്നും ബി ജെ പി മുതിർന്ന നേതാവ് സി.കെ.പദ്മനാഭൻ വ്യക്തമാക്കി.

‘ കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു. തുടർഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ കുറേക്കാലമായി നിലനിൽക്കുന്ന സ്വപ്‌നമാണ്. പിണറായി വിജയൻ ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്.അതിൽ കുറ്റങ്ങൾ മാത്രം കാണുക എന്നത് ശരിയല്ല. കൊവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളെക്കാൾ നന്നായി പിണറായി കൈകാര്യം ചെയ്തു. പിണറായി വിജയൻ തീർച്ചയായും തുടരട്ടെ. അതൊരു ദോഷമല്ല,’ സികെ പദ്മനാഭൻ പറഞ്ഞു