ബിജെപിയുടെ കുഴൽപ്പണം

0
33

ദേശാഭിമാനി മുഖപ്രസംഗം

ജനഹിതം നഗ്നമായി അട്ടിമറിക്കുന്ന ഗൂഢാലോചനയിൽ കോൺഗ്രസിന്റെ കാർബൺ പതിപ്പുതന്നെയാണ്‌ ബിജെപിയുമെന്ന്‌ ചുരുങ്ങിയ കാലംകൊണ്ട്‌ സംശയരഹിതമായി തെളിയിക്കപ്പെട്ടതാണ്‌. നിയമസഭാ സാമാജികരെയും പാർലമെന്റംഗങ്ങളെയും വൻ വാഗ്‌ദാനങ്ങൾ നീട്ടി വളച്ചെടുക്കുകയും കോടികൾ നൽകി വിലയ്‌ക്കെടുക്കുകയും ചെയ്യുന്നതിനൊപ്പം തെരഞ്ഞെടുപ്പുകളിൽ സാധാരണ വോട്ടർമാരെ പാട്ടിലാക്കാൻ ഇരു പാർടികളും തരംതാണ പലവിധ തന്ത്രങ്ങളും മെനയാറുമുണ്ട്‌.

നരേന്ദ്ര മോഡിയും അമിത്‌ ഷായും കർണാടക ലക്ഷ്യമാക്കി രൂപംകൊടുത്ത ‘ഓപ്പറേഷൻ കമൽ’പോലുള്ള അട്ടിമറി നീക്കങ്ങൾ ഏറെ കുപ്രസിദ്ധവുമാണല്ലോ. കുത്തകകളുടെ ചിറകിലേറിയുള്ള ആ നെറികെട്ട പരീക്ഷണം മറ്റു ചില സംസ്ഥാനങ്ങളിലും വിജയകരമായി നടപ്പാക്കി.

അതുകൂടാതെയാണ്‌ അവർതന്നെ പരിചയപ്പെടുത്തിയ പഞ്ചനക്ഷത്ര റിസോർട്ട്‌ രാഷ്ട്രീയം. അതിന്‌ കള്ളപ്പണവും സ്വർണവും കുഴൽപ്പണവും ആവോളം വാരിവിതറുകയും ചെയ്യുന്നു. ചിലയിടങ്ങളിൽ വൻകിട ബാർ മുതലാളിമാരെക്കൊണ്ട്‌ യഥേഷ്ടം മദ്യവും ഒഴുക്കാറുണ്ട്‌.

‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തിന്റെയും വിൽപ്പനയ്‌ക്കുവച്ച ജനാധിപത്യത്തിന്റെയും ധാർമികതയില്ലാത്ത പണാധിപത്യത്തിന്റെയും നാണംകെട്ട അധികാരക്കൊതിയുടെയും മുഖം ഇതുവരെ കേരളത്തിൽ അത്രയേറെ പരിചിതമല്ലായിരുന്നു. എന്നാൽ ബിജെപിയുടെ കാർമികത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അതും നാം കൺകുളിർക്കെ കണ്ടു.

തെരഞ്ഞെടുപ്പ്‌ ഫണ്ടിൽനിന്ന്‌ പത്തു കോടിരൂപ വെട്ടിച്ചതും സമർഥമായ ആ ‘വിഐപി കവർച്ച’യ്‌ക്ക്‌ പിന്നിലെ കുഴൽപ്പണ സംഘത്തിന്റെ കൈകളും അതാണ്‌ തെളിയിച്ചത്‌. ഉന്നത നേതാക്കളുടെ അറിവോടും അനുമതിയോടുമായിരുന്നു പണം തട്ടൽ. അതിന്‌ കൈയാളുകളായി പ്രവർത്തിച്ചതാകട്ടെ, വധശ്രമങ്ങളുൾപ്പെടെ നിരവധി അക്രമക്കേസുകളിലെ പ്രതികളായ കുപ്രസിദ്ധ ബിജെപി‐ ആർഎസ്‌എസ്‌ ക്രിമിനലുകളും.

തെരഞ്ഞെടുപ്പിന്‌ മൂന്നു ദിവസംമുമ്പാണ്‌ ബിജെപിക്ക്‌ ഈ കുഴൽപ്പണം എത്തിയതെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. കേരളത്തിൽ തങ്ങളുടെ സ്ഥാനാർഥികളുടെ പ്രചാരണത്തിന്‌ എത്തിച്ച കള്ളപ്പണത്തിന്റെ അഗ്രംമാത്രമാണിത്‌. കെട്ടിവച്ച പണംപോലും കിട്ടാത്ത മണ്ഡലങ്ങളിലും കോടികളാണ്‌ പൊടിച്ചതെന്നോർക്കണം.

കുഴൽപ്പണമായി ഒളിച്ചുകടത്തിയ തെരഞ്ഞെടുപ്പ് ഫണ്ട് കൊള്ളയടിച്ചതിൽ ചില ഉന്നത നേതാക്കൾക്ക്‌ പങ്കുള്ളതായി ബിജെപി കേന്ദ്ര നേതൃത്വത്തിന് കീഴ്‌ഘടകങ്ങളിൽനിന്ന്‌ പരാതി ലഭിച്ചതും ആ അർഥത്തിൽ നിസ്സാരമല്ല. അതിരുവിട്ട ഇത്തരം ജീർണത മെയ്‌ രണ്ടിന്‌ തെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതോടെ ബിജെപി സംസ്ഥാന നേതൃത്വത്തെ മാത്രമല്ല, സംഘപരിവാറിനെയാകെ അടിമുടി കുലുക്കുമെന്നുറപ്പ്‌. തമ്മിലടിയും അധികാരത്തർക്കവും ആഭ്യന്തരകലഹവും ചെളിവാരിയെറിയലും വാക്‌പോരുകളും നിയന്ത്രിക്കാനാകാത്തതും സ്‌ഫോടനാത്മകവുമായ സ്ഥിതിവിശേഷത്തിലേക്കാണ്‌ നീങ്ങുന്നതും.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വാരിവിതറാൻ ബിജെപി കോടിക്കണക്കിനു‌ രൂപ കുഴൽപ്പണമായി എത്തിച്ചത്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉൾപ്പെടെയുള്ള ഉന്നതതല ഏജൻസികൾ അന്വേഷിച്ച്‌ സത്യാവസ്ഥ വെളിച്ചത്ത്‌ കൊണ്ടുവരേണ്ടതുണ്ട്‌. കർണാടക, ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും ട്രെയിൻവഴി വേറെയും കാശ്‌ എത്തുകയുണ്ടായി. ആ കള്ളപ്പണത്തിൽനിന്ന്‌ മൂന്നരക്കോടി കൊടകരയിൽ കൊള്ളയടിക്കപ്പെട്ടത്‌ അതീവ ഗൗരവമുള്ളതാണ്‌.

സമാന സ്വഭാവത്തിലുള്ള സംഭവം പാലക്കാട്ടും ഉണ്ടായതായി പരാതിയുയരുകയും വാർത്ത വരികയുമുണ്ടായി. രാജ്യസ്‌നേഹത്തെക്കുറിച്ച്‌ പേർത്തുംപേർത്തും വാചകമടിക്കുന്ന ബിജെപിക്കാണ്‌ കുഴൽപ്പണം കൊണ്ടുവന്നതെന്ന്‌ പകൽപോലെ വ്യക്തമായിട്ടും ആ പാർടിയുടെ പേര്‌ പറയാൻ ഒട്ടുമിക്ക മാധ്യമങ്ങളും മടിക്കുകയാണ്‌. ഒരു ദേശീയപാർടി എന്ന വിദൂര വിശേഷണത്തിലൂടെ ഉറവിടം അതിസമർഥമായി മറച്ചുവയ്‌ക്കുകയാണ്‌ അവ. തുടർച്ചയായി കൊടുത്ത വാർത്താ പരമ്പരകളിലും കർത്താവ്‌ ഇല്ലാതായി.

രാഷ്ട്രീയ യജമാനന്മാരോടുള്ള ഇത്തരം ഭയവും ഭക്തിയും ജനാധിപത്യ സംസ്‌കാരത്തിനും മാധ്യമ നിഷ്‌പക്ഷതയ്‌ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയാണ്‌. തെരഞ്ഞെടുപ്പിൽ കണക്കിൽപ്പെടാത്ത പണച്ചാക്കുകളാണ്‌ ബിജെപി ഇക്കുറി ഇറക്കിയത്‌. അത്‌ മാഫിയാ സമ്പദ്‌വ്യവസ്ഥയുടെ സംഭാവനയാണ്‌. അതുപയോഗിച്ചാണ്‌ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടർച്ചയായ ആകാശയാത്ര നടത്തിയതും പ്രചാരണ മാമാങ്കങ്ങൾ ഏറ്റെടുത്തതും.

ബിജെപി ഫണ്ട്‌, വാഹനാപകട നാടകമാക്കി തട്ടിയെടുത്തതിൽ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ വിവിധ കോണുകളിൽനിന്ന്‌ പരാതിയും ലഭിച്ചിട്ടുണ്ട്‌.

വിതരണംചെയ്‌ത 50‌കോടിയോളം രൂപയുടെ കള്ളപ്പണത്തിന്റെ സ്രോതസ്സ്‌ കണ്ടെത്തി നടപടിയെടുക്കണമെന്നാണ്‌ ആവശ്യം. എന്നാൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കേരളത്തിൽ ഇറക്കിയ കോടികളുടെ കുഴൽപ്പണത്തെക്കുറിച്ച്‌ അന്വേഷിക്കാൻ വിമുഖത കാട്ടുകയാണ്‌ ‌ മറ്റു ചില സംഭവങ്ങളിൽ അനാവശ്യമായ തിടുക്കത്തോടെ ചാടിവീഴുന്ന കേന്ദ്രഏജൻസികൾ.

പ്രതികളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും റവന്യൂ ഇന്റലിജൻസും മൗനത്തിലാണ്‌. ഉന്നത ബിജെപി നേതാക്കൾക്ക്‌ നേരിട്ട്‌ ബന്ധമുള്ള കേസിൽ പ്രാഥമിക തെളിവുകൾ കുഴിച്ചുമൂടാനാണ്‌ ബോധപൂർവമായ കണ്ണടയ്‌ക്കൽ.

ചുരുക്കത്തിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾപോലും അട്ടിമറിക്കുന്ന ഇത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്‌. നാളെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്‌ അത്തരത്തിലൊന്നാകുമെന്ന്‌ ഉറപ്പിക്കാം.