വാക്സിനിലും ഇനി കമ്പോളക്കളി

0
27

ദേശാഭിമാനി മുഖപ്രസംഗം

അദൃശ്യപ്പടയാളികളായി വിലസുന്ന കോവിഡ് മഹാമാരിക്ക് മുന്നിൽ നമ്മുടെ രാജ്യം വിറങ്ങലിച്ച് നിൽക്കുകയാണ്. കാട്ടുതീപോലെ പടരുന്ന മഹാമാരിക്കു നടുവിൽ ജനങ്ങൾ പരക്കംപായുന്നു. കേന്ദ്ര ഗവൺമെന്റിന്റെ നേതൃപരമായ ഇടപെടലും സഹായവും വേഗത്തിൽ എവിടെയും എത്തേണ്ട സമയം. ജനങ്ങളുടെ ആശങ്കയും ഭയവും അകറ്റുന്നതിനും പ്രതീക്ഷ കൈവിടാതിരിക്കാനും ഭരണാധികാരികളുടെ അടിയന്തര നടപടികൾ അനിവാര്യമായ സാഹചര്യം.

പക്ഷേ, നമ്മുടെ കേന്ദ്ര ഗവൺമെന്റ് എന്തു ചെയ്യുന്നു. അവർ, എല്ലാത്തിൽനിന്നും ഒളിച്ചോടുകയോ സ്വന്തം ഉത്തരവാദിത്തങ്ങൾ കൈയൊഴിയുകയോ ചെയ്യുന്നു. ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം, ദേശവ്യാപകമായി ശക്തമായ പൊതുജനാരോഗ്യ സംവിധാനം ഇല്ലാത്ത രാജ്യം എന്നിങ്ങനെ ഇന്ത്യയുടെ പ്രശ്നങ്ങൾ അനവധിയാണ്. അങ്ങനെയൊരു രാജ്യത്ത്, ഇത്തരമൊരു മഹാമാരിക്ക് നടുവിൽ കേന്ദ്രം തോന്ന്യാസക്കളിക്ക് ഇറങ്ങിയിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. തിങ്കളാഴ്ച കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വാക്സിൻനയം തനി തോന്ന്യാസമാണെന്ന് പറയാതെ വയ്യ.

പതിനെട്ട്‌ വയസ്സ് കഴിഞ്ഞവർക്കെല്ലാം മെയ് ഒന്നുമുതൽ വാക്സിൻ നൽകുമെന്ന് കേന്ദ്രഗവൺമെന്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചതിൽ വലിയൊരു വഴിമാറ്റമുണ്ട്. ജീവൻരക്ഷാ മരുന്നിനുവേണ്ടി അലയുന്ന ജനകോടികളെ കമ്പോളത്തിന്റെ ദയാ ദാക്ഷിണ്യത്തിന് എറിഞ്ഞുകൊടുക്കുന്നതാണ് ആ പ്രഖ്യാപനം. പ്രഖ്യാപനത്തിന് വലിയ പ്രാധാന്യമുണ്ടെന്നതിൽ തർക്കമില്ല. എന്നാൽ, സംസ്ഥാന സർക്കാരുകൾ മരുന്നു കമ്പനികളിൽനിന്ന് നേരിട്ട് വാക്സിൻ വാങ്ങണമെന്നതാണ് പ്രശ്നം. കേന്ദ്രം വാങ്ങിനൽകില്ല. വാങ്ങാൻ പണവും നൽകില്ല.

സംസ്ഥാനങ്ങൾക്ക് ഇതുവരെ സൗജന്യമായി വാക്സിൻ നൽകിയ ഉത്തരവാദിത്തത്തിൽനിന്ന് കേന്ദ്രം ഒഴിഞ്ഞുവെന്ന് ചുരുക്കം. സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ കൂട്ട വാക്സിനേഷനുകളെല്ലാം സൗജന്യമായിരുന്നു. അതിൽ നിന്നാണ് ഈ വഴിമാറ്റം. സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ ഉറപ്പാക്കേണ്ട അടിയന്തര സാഹചര്യത്തിലാണ് കേന്ദ്ര ഗവൺമെന്റ് ഇങ്ങനെയൊരു നിലപാടെടുത്തത്.

പ്രതിസന്ധികൾക്ക് നടുവിൽ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനു പകരം വീണ്ടും പ്രയാസത്തിലാക്കുന്ന നടപടിയായി ഇത്. കേരളത്തിൽ സർക്കാർ എങ്ങനെയും പണം കൊടുത്ത് വാക്സിൻ സൗജന്യമായി ജനങ്ങൾക്ക് നൽകുമെന്നുറപ്പിക്കാം. എന്നാൽ, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സ്ഥിതി ഇതാകില്ല.

രാജ്യം കടുത്ത വാക്സിൻ ക്ഷാമം നേരിടുന്നതിനിടെ ഇങ്ങനെയൊരു തീരുമാനം ഫലത്തിൽ വാക്സിൻ വിതരണംതന്നെ സ്വകാര്യവൽക്കരിക്കുന്നതിന് തുല്യമായി. വാക്സിൻ ഉൽപ്പാദകർ പ്രതിമാസ ഉൽപ്പാദനത്തിന്റെ പകുതി കേന്ദ്ര സർക്കാരിന് കൈമാറണമെന്നും ബാക്കി കമ്പോളത്തിൽ വിൽക്കാമെന്നുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരുകൾക്ക് ഈ കമ്പോളത്തിൽനിന്ന് നേരിട്ട് വാങ്ങാമെന്നു പറയുമ്പോൾ വിലയെക്കുറിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. അപ്പോൾ, കമ്പനികൾ പ്രഖ്യാപിക്കുന്ന വില നൽകേണ്ടിവരും.

ഇത് കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ അവസരം നൽകുന്നതിനൊപ്പം ഇനിയും രൂക്ഷമായ വാക്സിൻ ക്ഷാമത്തിനും വഴിവച്ചേക്കാം. സപ്ലൈ കുറച്ചാൽ വില കൂട്ടാമല്ലോ. പൂഴ്‌ത്തിവയ്പിനും ഇടയായേക്കാം. അങ്ങനെ വരുമ്പോൾ കോടിക്കണക്കിന് പാവപ്പെട്ടവർക്ക് വാക്സിൻ കിട്ടാത്ത സ്ഥിതിയും വരാം. രാജ്യത്ത് വാക്സിൻ ക്ഷാമമുണ്ടായതുതന്നെ ഈ നീക്കത്തിന്റെ മുന്നോടിയായിരുന്നോ എന്ന് സംശയിക്കണം. ഏറെ സമയമുണ്ടായിരുന്നിട്ടും സപ്ലൈ കൂട്ടാൻ കേന്ദ്ര സർക്കാർ നടപടിയൊന്നും എടുത്തിരുന്നില്ല. ക്ഷാമമുള്ളപ്പോൾപ്പോലും വാക്സിൻ കയറ്റുമതിക്ക് അനുമതി നൽകുകയും ചെയ്തിരുന്നു.

നേരത്തേ പ്രഖ്യാപിച്ചപ്രകാരം 45 വയസ്സിനു മുകളിലുള്ളവർക്ക് കൊടുക്കാൻപോലും വാക്സിൻ ലഭ്യമല്ല. അപ്പോൾ, 18 വയസ്സ് കഴിഞ്ഞവർക്കെല്ലാം മെയ് ഒന്നുമുതൽ എങ്ങനെ വാക്സിൻ നൽകുമെന്ന് വ്യക്തമല്ല. സ്‌റ്റോക്കൊന്നും ഉറപ്പാക്കിയിട്ടല്ല പ്രഖ്യാപനം. ആഗസ്തോടെ, രാജ്യത്തെ പ്രായപൂർത്തിയായവരിൽ 30 കോടിയോളം ആളുകൾക്ക് വാക്സിൻ നൽകുമെന്നായിരുന്നു തുടക്കത്തിൽ കേന്ദ്രത്തിന്റെ പ്രഖ്യാപനം. എന്നാൽ, തിങ്കളാഴ്ചവരെയുള്ള കണക്കുപ്രകാരം ആകെ എട്ടു ശതമാനം പേർക്കാണ് ഒരു ഡോസെങ്കിലും കിട്ടിയത്. രണ്ടു ഡോസും കിട്ടിയത് ഒരു ശതമാനത്തിനുമാത്രം.

കോവിഡ് കൂടുതൽ തീവ്രതയോടെ അതിവേഗം വ്യാപിക്കുമ്പോൾ ജനങ്ങൾക്ക് ആശ്വാസമാകേണ്ട കേന്ദ്ര സർക്കാർ തികഞ്ഞ നിരുത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നുവെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. മുന്നറിയിപ്പില്ലാത്ത ലോക്ഡൗണടക്കം ഒന്നാം ഘട്ടത്തിൽ കേന്ദ്രത്തിന്റെ പിടിപ്പുകേട് രാജ്യം അനുഭവിച്ചതാണ്. ഇപ്പോൾ, രണ്ടാം തരംഗം നേരിടാനും ഒരു മുന്നൊരുക്കവുമില്ലെന്ന് ഇതിനകം വെളിപ്പെട്ടു കഴിഞ്ഞു. രാജ്യത്തിന്റെ പല ഭാഗത്തും പരിശോധനാ സൗകര്യങ്ങളില്ല, ആശുപത്രികളിൽ കിടത്തി ചികിത്സിക്കാൻ സ്ഥലമില്ല, ഐസിയു സൗകര്യമില്ല, ഓക്സിജനില്ല , ഡോക്ടർമാരില്ല, നേഴ്സുമാരില്ല.

ഒന്നാം തരംഗത്തിലെ പാഠം ഉൾക്കൊണ്ട്, രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ കാര്യമായ ഒരു നടപടിയുമുണ്ടായില്ല. ഇവിടെയെല്ലാം ഉത്തരവാദിത്തം മറന്ന കേന്ദ്ര ഗവൺമെന്റ് വാക്സിനേഷന്റെ ഉത്തരവാദിത്തത്തിൽനിന്നും ഒഴിയുകയാണ്. പുതിയ പ്രഖ്യാപനം നൽകുന്ന സൂചന അതാണ്.

കോവിഡിനെ നേരിടാൻ മുന്നിൽനിന്ന് പോരാടുന്ന ആരോഗ്യപ്രവർത്തകർക്കായി ഏർപ്പെടുത്തിയിരുന്ന ഇൻഷുറൻസ് പദ്ധതി ഉപേക്ഷിച്ചതും ഇതോടൊപ്പം കാണണം. കോവിഡ് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി നിർത്തുകയാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. നഷ്ടപ്പെടുന്ന ജീവന് പണം പകരമാകില്ലെങ്കിലും ജീവഹാനി സംഭവിക്കുന്നവരുടെ കുടുംബത്തിന് ചെറിയൊരു ആശ്വാസമായിരുന്നു പദ്ധതി.

പദ്ധതിയിൽ നിന്നുള്ള കേന്ദ്രത്തിന്റെ പിൻമാറ്റം, ജീവൻ പണയംവച്ചും കോവിഡിനോട്‌ പൊരുതുന്ന ആരോഗ്യപ്രവർത്തകരോട് കാണിക്കുന്ന തികഞ്ഞ നന്ദികേടായി. കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നതിനെ തുടർന്ന് പുതിയ പദ്ധതി വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങളിൽ വ്യക്തതയില്ല. ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തുന്നുവെന്നു മാത്രമാണ് ഏറ്റവും ഒടുവിലുള്ള വിവരം. കേന്ദ്രത്തിന്റെ ഒഴിഞ്ഞുമാറ്റമാണ് ഇവിടെയും വെളിപ്പെടുന്നത്.