യുപിയിലെ 5 നഗരങ്ങളില്‍ ലോക്ഡൗണ്‍ വേണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ

0
63

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ അഞ്ചു നഗരങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

ലഖ്നൗ, പ്രയാഗ് രാജ്, വാരണാസി, കാണ്‍പുര്‍, ഗൊരഖ്പുര്‍ എന്നീ നഗരങ്ങളില്‍ ഏപ്രില്‍ 26 വരെ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഇതിനെ എതിര്‍ത്തുകൊണ്ട് ഉത്തര്‍പ്രേദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സ്‌റ്റേ.

അഞ്ച് നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതിയുടേത് ശരിയായ നടപടിയല്ല. തങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണ് ഉത്തരവെന്നും യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.

കോവിഡ് പ്രതിരോധന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായി തുടരുന്നുണ്ട്. വേണ്ടത്ര മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. മൊത്തം അടച്ചുപൂട്ടുന്നത് ഭരണപരമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. യുപി സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്.

മഹാമാരി സംസ്ഥാനത്തെ, പ്രത്യേകിച്ച് പ്രയാഗ് രാജ്, ലഖ്നൗ, വാരണാസി, കാണ്‍പുര്‍, ഗൊരഖ്പുര്‍ എന്നീ നഗരങ്ങളിലെ മെഡിക്കല്‍ അടിസ്ഥാനസൗകര്യങ്ങളെ ദുര്‍ബലമാക്കിയെന്നും അതിനാൽ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നുമായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ സര്‍ക്കാരിന് ജനങ്ങളുടെ ജീവനേയും ജീവിതത്തേയും സംരക്ഷിക്കേണ്ടതുണ്ടെന്നായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രതികരണം.

ലോക്ഡൗണിന് പുറമേ മതപരമായ ചടങ്ങുകള്‍ നടത്തരുതെന്നും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും തുറന്നുപ്രവര്‍ത്തിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ലോക്ഡൗണ്‍ കാലയളവില്‍ വിവാഹമുള്‍പ്പടെയുളള ആള്‍ക്കൂട്ടമുണ്ടാകുന്ന പൊതുപരിപാടികള്‍ നടത്തരുതെന്നും കോടതി പറഞ്ഞിരുന്നു.

നിശ്ചയിക്കപ്പെട്ട വിവാഹങ്ങള്‍ നടത്തുന്നതിന് ഇളവുകളും കോടതി നല്‍കിയിരുന്നു. പ്രദേശത്തെ സാഹചര്യം വിലയിരുത്തി ജില്ല മജിസ്ട്രേറ്റിന്റെ അനുമതിയോടെ വിവാഹം നടത്താമെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. വിവാഹത്തില്‍ 25 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന നിബന്ധനയും മുന്നോട്ടുവെച്ചിരുന്നു