കോവിഡ് രണ്ടാംവരവിനെ നേരിടാൻ സംസ്ഥാനം സജ്ജം, ഓക്‌സിജൻ ലഭ്യത ഉറപ്പ്: മന്ത്രി ശൈലജ

0
26

കോവിഡിന്റെ രണ്ടാംവരവിനെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആശുപത്രി സൗകര്യങ്ങൾ ഒരുക്കുന്നതിലും, കുറ്റമറ്റ രീതിയിൽ വാക്സിൻ നൽകുന്നതിലും, ഐസിയുകളുടെ എണ്ണം കൂട്ടുന്നതിലും, മെഡിക്കൽ ഓക്സിജന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനുമൊക്കെ വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണ്.

പരിശോധന വേഗത്തിലാക്കി മരണങ്ങൾ പരമാവധി കുറച്ച് ആശുപത്രി സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കി ജനജീവിതം സാധാരണ നിലയിൽ ആക്കുവാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ ഓക്സിജൻ ഉത്പാദനവും വിതരണവും മികച്ച രീതിയിൽ നടപ്പാക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

2020 ഏപ്രിൽ ആദ്യം കേരളത്തിൽ ഉണ്ടായിരുന്ന പ്രതിദിന ഓക്സിജൻ സ്റ്റോക്ക് 99.39 മെട്രിക് ടണും ഉത്പാദനം 50 ലിറ്റർ പെർ മിനുട്ടും ആയിരുന്നു. ഈ മാസം ആദ്യം കേരളത്തിലെ പ്രതിദിന സ്റ്റോക് 219 മെട്രിക് ടണ്ണും ഉത്പാദനം 1250 ലിറ്റർ പെർ മിനുട്ടും ആയിരുന്നു.

ഈ കഴിഞ്ഞ ഏപ്രിൽ 15ലെ കേരളത്തിലെ പ്രതിദിന ആവശ്യം 73 ടണ്ണായിരുന്നു. തെരഞ്ഞെടുത്ത 8 ആശുപത്രികളിൽ ഓക്സിജൻ ജനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. 2 ഓക്സിജൻ ജനറേറ്ററുകൾ സ്ഥാപിച്ചു വരുന്നു. ഓക്സിജന്റെ ലഭ്യത കുറവുണ്ടായാൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.