കൊവിഡ് വ്യാപനം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും

0
21

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് വിഡിയോ കോൺഫറൻസിലൂടെയാണ് യോഗം. ജില്ലാ കലക്ടർമാർ, പൊലീസ് മേധാവികൾ, ഡിഎംഒമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്തുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. പൊലീസിന്റെയും സെക്ട്രൽ മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിലും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വൻ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ബുധനാഴ്ച 8,778 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7,905 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. 65,258 സാംപിളുകൾ പരിശോധിച്ചപ്പോൾ 13.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ ആയിരത്തിലേറെപ്പേർ രോഗബാധിതരായി. 22 മരണംകൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.