കൊവിഡ് കുതിച്ചുയരുന്നു ; കേരളത്തിലും നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും : ചീഫ്‌സെക്രട്ടറി യോഗം വിളിച്ചു

0
34

കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനാൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. ഞായറാഴ്ചത്തെ കണക്ക് പ്രകാരം ഏഴായിരത്തോളം പുതിയ കേസുകളാണ് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എല്ലാ ജില്ലകളിലും പുതിയ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നിരുന്നു. കോഴിക്കോടാകട്ടെ 1200 ലേറെ പുതിയ കേസുകളാണ് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത്. ചില ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നതും സ്ഥിതി സങ്കീർണമാക്കുന്നു. ഈ സാഹചര്യത്തിൽ ആണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഉള്ള നീക്കം.

കൂട്ടം ചേരലുകൾ ഒഴിവാക്കാൻ ഉള്ള നടപടികൾ വന്നേക്കും. ഷോപ്പുകൾ മാളുകൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ലാത്തതിനാൽ സ്വയം പ്രതിരോധത്തിന്‍റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ ഉള്ള നടപടികൾ ഉണ്ടാകും.

അതേസമയം സംസ്ഥാനത്ത് ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം 44389 ആയി ഉയർന്നിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 600 ആയും വെന്‍റിലേറ്ററിൽ ഉള്ള രോഗികളുടെ എണ്ണം 173 ആയും കുതിച്ചുയർന്നു. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രികൾ ഉൾപ്പെടെ പല സർക്കാർ ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്കുള്ള കിടക്കകളുടെ എണ്ണം കൂട്ടേണ്ട അവസ്ഥയാണ്.

രോഗികളുടെ എണ്ണവും രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും കൂടിയതോടെ കൂടുതൽ കിടക്കകൾ അടക്കം സജ്ജീകരിക്കാൻ സർക്കാർ അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് ഇതര ചികിത്സകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉണ്ട്.

രോഗ വ്യാപന തീവ്രത കുറയ്ക്കാൻ ക്രഷിങ് ദി കർവ് എന്ന പേരിൽ മാസ് വാക്സിനേഷൻ ക്യാമ്പുകൾ തുടങ്ങി. എന്നാൽ വാക്സിൻ കുറവ് കാരണം വിപുലമാക്കാനായിട്ടില്ല. ക്ഷാമം പരിഹരിക്കാൻ 25 ലക്ഷം കോവിഷീൽഡ് വാക്സീനും 25 ലക്ഷം കോവാക്സീനും അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടിയാൽ 45 ദിവസത്തിനുള്ളിൽ 45 വയസിന് മുകളിൽ പ്രായമുള്ളവരുടെയും 60 വയസിന് മേൽ പ്രായമുള്ളവരുടെയും വാക്സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യം.